'ജീവജലത്തിന് ഒരു മണ്‍പാത്രം'' ലോകരാജ്യങ്ങളിലേക്ക്

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും ലോകരാജ്യങ്ങളിലേക്കും ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതിയുടെ സന്ദേശം എത്തിക്കാനുള്ള ദൗത്യത്തിലാണ് ശ്രീമന്‍നാരായണന്റെ മിഷന്‍. ഗാന്ധിജിയുടെ മഹാരാഷ്ട്ര വാര്‍ധയിലെ സേവാഗ്രാം ആശ്രമം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്

Update: 2021-02-24 13:58 GMT

കൊച്ചി: ശ്രീമന്‍ നാരായണന്‍ 'എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ' മിഷന്‍ വഴി വര്‍ഷങ്ങളായി പക്ഷികള്‍ക്ക് കുടിവെള്ളം സംഭരിച്ചു വയ്ക്കാനുള്ള മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്തുവരുന്ന പദ്ധതി ലോക രാഷ്ട്രങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും ലോകരാജ്യങ്ങളിലേക്കും ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതിയുടെ സന്ദേശം എത്തിക്കാനുള്ള ദൗത്യത്തിലാണ് ശ്രീമന്‍നാരായണന്റെ മിഷന്‍. ഗാന്ധിജിയുടെ മഹാരാഷ്ട്ര വാര്‍ധയിലെ സേവാഗ്രാം ആശ്രമം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

ലോകരാജ്യങ്ങളിലെ ഭരണാധികാരികള്‍ മുതല്‍ വ്യവസായികളും കലാകാരന്മാരും സാഹിത്യകരന്മാരും സാസ്‌ക്കാരിക പ്രവര്‍ത്തകരും തത്വചിന്തകരും എല്ലാം ഇന്ത്യയിലെത്തിയാല്‍ ആശ്രമം സന്ദര്‍ശിച്ചിട്ടേ മടങ്ങു. ആശ്രമം സന്ദര്‍ശിക്കുന്ന സ്വദേശീയരും വിദേശീയരുമായ അതിഥികള്‍ക്ക് ഒരൊ മണ്‍പാത്രം സൗജന്യമായി നല്‍കും. ഇതിനാവശ്യമായ മൂവായിരം മണ്‍പാത്രങ്ങള്‍ ആദ്യഘട്ടമായി കൊച്ചിയില്‍ നിന്ന് വാര്‍ധയിലേക്ക് അയച്ചു. കീഴ്മാട് ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘമാണ് ഇതിനാവശ്യമായ പത്രങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയത്.രാജ്യാന്തര കുരുവി ദിനമായ മാര്‍ച്ച് 20 മുതല്‍ ഒരു വര്‍ഷത്തേക്ക് സേവാഗ്രാമത്തില്‍ നിന്ന് മണ്‍പാത്രങ്ങള്‍ വിതരണം ചെയ്യും.

പക്ഷികള്‍ക്ക് കുടിവെള്ളം ശേഖരിച്ചു വക്കുന്നതിന് മണ്‍പാത്രങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി ലോകത്തിലെവിടേയും മറ്റാരും ആവിഷ്‌ക്കരിച്ചിട്ടില്ല എന്ന കാരണത്താല്‍ തായ് വാനിലെ ദി സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍ നാഷണല്‍ അസോസിയേഷന്‍ മൂന്നു വര്‍ഷം മുമ്പ് ശ്രീമന്‍ നാരായണനെ ദിവേള്‍ഡ് കംപാഷന്‍ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.അന്നു ലഭിച്ച അവാര്‍ഡു തുകയായ ഏഴുലക്ഷത്തി ഇരുപതിനായിരം രൂപയാണ് സേവാഗ്രാം വഴിയുള്ള പാത്രവിതരണത്തിനായി ഉപയോഗിക്കുന്നതെന്ന് ശ്രീമന്‍ നാരായണന്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സിലെ ഒരു ലക്ഷം വിദ്യാര്‍ഥികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി കേരളം മുഴുവന്‍ വ്യാപിപ്പിച്ചു.ദശലക്ഷക്കണക്കിന് പക്ഷികളാണ് ഈ പദ്ധതിയിലൂടെ ഓരോ വര്‍ഷവും ജീവിതം തിരികെ പിടിക്കുന്നത്.

Tags:    

Similar News