മധുവിൻ്റെ കൊലപാതക കേസ് അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക: എസ്ജെപിഎസ്

2018 ഫെബ്രുവരി 18ന് നടന്ന കൊലപാതകത്തെ സംബന്ധിച്ച കേസിൽ നാളിതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. മനസ്സില്ലാ മനസ്സോടെ സർക്കാർ നിയമിച്ച 2 പബ്ളിക് പ്രൊസിക്യൂട്ടർമാരും കേസിൽ നിന്ന് പിന്മാറിയിരിക്കുകയാണ്.

Update: 2022-01-15 13:50 GMT

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു (27) വിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇപ്പോൾ മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ്ഗ കോടതിയുടെ പരിഗണനയിൽ ഉള്ള കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സാധുജന പരിപാലന സംഘം പാലക്കാട് ജില്ലാ കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു.

2018 ഫെബ്രുവരി 18ന് നടന്ന കൊലപാതകത്തെ സംബന്ധിച്ച കേസിൽ നാളിതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. മനസ്സില്ലാ മനസ്സോടെ സർക്കാർ നിയമിച്ച 2 പബ്ളിക് പ്രൊസിക്യൂട്ടർമാരും കേസിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. രാഷ്ടീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിച്ചു കൊണ്ട് പ്രതികളെ രക്ഷിച്ചെടുക്കാനുള്ള ഗൂഢശ്രമത്തിൻ്റെ ഭാഗമാണിതെന്ന് സാധുജന പരിപാലന സംഘം വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ, പട്ടിക വിഭാഗങ്ങൾക്കെതിരായ കേസുകൾ കൈകാര്യം ചെയ്ത അനുഭവസമ്പത്തുള്ള പ്രഗത്ഭരായ അഭിഭാഷകരെ സ്പെഷൽ പ്രൊസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ നവംബർ 29 ന് സംഘം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

ഇത്തരത്തിൽ കേസ് കൈകാര്യം ചെയ്യാൻ താല്പര്യമുള്ള യോഗ്യരായ 3 അഭിഭാഷകരുടെ പേരുകൾ അടങ്ങിയ പാനലും സംഘം നൽകിയ കത്തിൽ നിർദ്ദേശിച്ചിരുന്നതാണ്. എന്നാൽ, ആദിവാസികൾ ഉൾപ്പെടെയുള്ള തദ്ദേശീയ ജനതയെ പടിപടിയായി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് ഇതിലൂടെ വ്യക്തമാകുന്നതായി സാധുജന പരിപാലന സംഘം കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തിൽ സാധുജന പരിപാലന സംഘം 2021 നവംബർ 29 ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ച പാനലിൽ നിന്ന് ഒരു അഭിഭാഷകനെ ക്രിമിനൽ നടപടിക്രമം Sec. 24 (8) പ്രകാരം സ്പെഷ്യൽ പ്രൊസിക്യൂട്ടറായി നിയമിച്ചുകൊണ്ട് എത്രയും വേഗം കേസ് തീർപ്പാക്കാൻ വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സാധുജന പരിപാലന സംഘം പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് എം.സി. വേലായുധനും, ജില്ലാ സെക്രട്ടറി കെ.വാസുദേവനും ഒരു സംയുക്ത പ്രസ്താവനയിൽ സർക്കാരിനോടാവശ്യപ്പെട്ടു.

Similar News