അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന:ദിലീപിനെയും കൂട്ടു പ്രതികളെയും വീണ്ടും ചോദ്യം ചെയ്യും
അനൂപിനെയാണ് ആദ്യം ചോദ്യം ചെയ്യുകയെന്നാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലിനായി അനൂപിനോട് തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ്,സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നു.അനൂപിനെയാണ് ആദ്യം ചോദ്യം ചെയ്യുകയെന്നാണ് ലഭിക്കുന്ന വിവരം. അനൂപിനോട് തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
നേരത്തെ ദിലീപ്,അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ കോടതി മുഖാന്തിരം അയച്ചിരുന്നു.ഇതില്‍ അനൂപിന്റെ ഫോണിന്റെ പരിശോധന ഫലം ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അനൂപിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.
അനൂപിന് പിന്നാലെ ദീലിപിനെയും സഹോദരി ഭര്‍ത്താവ് സുരാജിനെയും വരും ദിവസങ്ങൡ ചോദ്യം ചെയ്യുമെന്നാണ് വിവരം.ഇവരുടെ ഫോണിന്റെ പരിശോധന ഫലം നാളെ കിട്ടുമെന്നാണ് അറിയുന്നത്.സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദിലീപ് ആണ് ഒന്നാം പ്രതി.സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, ദിലീപിന്റെ സുഹൃത്ത് ബൈജു, തിരച്ചറിയാത്ത ഒരു വി ഐ പി എന്നിങ്ങനെ ആറു പ്രതികളാണുള്ളത്.
ദിലീപ് അടക്കം അഞ്ചു പ്രതികള്‍ക്ക് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകണമെന്നും കോടതി ജാമ്യ വ്യവസ്ഥയില്‍ വ്യക്തമാക്കിയിരുന്നു. വ്യവസ്ഥ ലംഘിച്ചാല്‍ അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.ഇതിനിടയില്‍ കേസിന്റെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നാണ് ദിലീപിന്റെ വാദം.