നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം: കാവ്യാമാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് നാലര മണിക്കൂറോളം
ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യയെ ചോദ്യം ചെയ്തത്.രാവിലെ 11.30 ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം രണ്ടു വാഹനങ്ങളിലായി ചോദ്യം ചെയ്യുന്നതിനായി എത്തിയത്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ തുടരന്വേഷവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.നാലര മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു.ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യയെ ചോദ്യം ചെയ്തത്.രാവിലെ 11.30 ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം രണ്ടു വാഹനങ്ങളിലായി ചോദ്യം ചെയ്യുന്നതിനായി എത്തിയത്.കാവ്യാ മാധവന്റെ മാതാപിതാക്കളും ദിലീപിന്റെ വീട്ടില്‍ എത്തിയിരുന്നു.
.ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് അന്വേഷണ സംഘം കാവ്യാമാധവന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യല്‍ നടത്തണമെന്നായിരുന്നു കാവ്യയുടെ നിലപാട്. ഇതേ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയത്.
ചോദ്യം ചെയ്യലിനായി നേരത്തെ കാവ്യാമാധവന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യലിന് വിധേയമാകാന്‍ തയ്യാറാണെന്നായിരുന്നു അന്നും അന്വേഷണ സംഘത്തെ അറിയിച്ചിരുന്നത്.എന്നാല്‍ അന്വേഷണ സംഘം ഇതിനെ എതിര്‍ത്തിരുന്നു.എന്നാല്‍ കാവ്യമാധവന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.തുടരന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിക്കാറായതിനെ തുടര്‍ന്ന് ഇനിയും ചോദ്യം ചെയ്യല്‍ നീട്ടികൊണ്ടുപോകുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ദിലീപിന്റെ വീട്ടിലെത്തി കാവ്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചതെന്നാണ് വിവരം.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടക്കുന്നത്.കേസുമായി ബന്ധപ്പെട്ട ശബ്ദരേഖകളും അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.ശബ്ദരേഖയില്‍ കാവ്യയെക്കുറിച്ചും പരമാര്‍ശമുണ്ട്.ഇതേ തുടര്‍ന്ന് കാവ്യമാധാവനെ ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘത്തിനുവേണ്ടി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.