ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

Update: 2021-05-19 15:03 GMT

ആലപ്പുഴ: ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ആരംഭിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി ആര്‍ ഷൈല അറിയിച്ചു. എട്ടുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം സമ്പൂര്‍ണ പോര്‍ട്ടല്‍ (www.sampoorna.kite.kerala) മുഖേനയും നടത്താം. ആധാര്‍ കാര്‍ഡ് ഉള്ള കുട്ടികള്‍ക്ക് അവരുടെ ആധാര്‍ നമ്പരും പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കാവുന്നതാണ്. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനവും പുരോഗമിക്കുകയാണ്.

പ്രധാനാധ്യാപകരെ ഫോണില്‍ കൂടി വിളിച്ചും രക്ഷിതാക്കള്‍ക്ക് പ്രവേശനം ഉറപ്പാക്കാം. ലോക്ക് ഡൗണിന് ശേഷവും കുട്ടികളെ സ്‌കൂളിലെത്തി ചേര്‍ക്കാം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും ജൂണ്‍ ആദ്യം തന്നെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുനുള്ള ഒരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചുകഴിഞ്ഞു.

ജില്ലയിലെ വിദ്യാലയങ്ങള്‍ നവാഗതരെ വരവേല്‍ക്കാന്‍ സജ്ജമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മാണത്തിലുള്ള ഏഴ് സ്‌കൂളുകളുകളുടെ നിര്‍മാണപ്രവൃത്തികള്‍ 90 ശമാനത്തോളം പൂര്‍ത്തിയായി. ജിഎച്ച്എസ്എസ് ഹരിപ്പാട്, ജിഎച്ച്എസ്എസ് രാമപുരം, ജിഎച്ച്എസ്എസ് ബുധന്നൂര്‍, ജിവിഎച്ച്എസ് എലിപ്പകുളം, ജിഎല്‍പിഎസ് കാരക്കാട്, ജിയുപിഎസ് പുത്തന്‍കാവ്, ജിഎച്ച്എസ്എസ് പുലിയൂര്‍, എന്നീ സ്‌കൂളുകളുടെ നിര്‍മാണപ്രവൃത്തികളാണ് അവസാനഘട്ടത്തിലെത്തിയിട്ടുള്ളത്.

പൊതുവിദ്യാലയങ്ങള്‍ ഹൈടെക്കും, മികവിന്റെ കേന്ദ്രങ്ങളുമായതിനാല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്നും വിദ്യാര്‍ഥികള്‍ കൂടുതലായി പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്നുണ്ട്. സ്‌കൂളുകളിലെ മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ മെയ് അവസാനത്തോടെ പൂര്‍ത്തീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓഡിനേറ്റര്‍ എ കെ പ്രസന്നന്‍ അറിയിച്ചു.

Tags:    

Similar News