തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്‍ അധ്യക്ഷയായി അഡ്വ.പി സതീദേവി ഇന്ന് ചുമതലയേല്‍ക്കും. കേരള വനിതാ കമ്മീഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് കോഴിക്കോട് വടകര സ്വദേശിയായ അഡ്വ.പി സതീദേവി. നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലാ കോടതികളില്‍ അഭിഭാഷകയായിരുന്നു. സ്ത്രീശബ്ദം മാഗസിന്റെ ചീഫ് എഡിറ്ററും സുശീലാ ഗോപാലന്‍ സ്ത്രീപദവി നിയമപഠന കേന്ദ്രം അധ്യക്ഷയുമായിരുന്നു.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റിലെ വിദ്യാര്‍ഥി പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരമാധികാരികള്‍ നമ്മള്‍ തന്നെ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. 2004 മുതല്‍ 2009 വരെ വടകര ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍, ഉത്തര മേഖലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം നേതാവ് പി ജയരാജന്റെ സഹോദരിയാണ്. പരാതിക്കാരിയോട് മോശമായി സംസാരിച്ചതിനെത്തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെട്ട എം സി ജോസഫൈനിന് പകരക്കാരിയായാണ് സതീദേവി സ്ഥാനമേല്‍ക്കുന്നത്.