തുമ്പ ബഹിരാകാശ കേന്ദ്രത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് 50 വര്‍ഷത്തിനു ശേഷം നീതി
1963ല്‍ തുമ്പയില്‍ താമസിച്ചിരുന്ന183 കുടുംബങ്ങളുടെ വീടും സ്ഥലവും സെന്റ് മേരീസ് മഗ്ദലനപള്ളിയുടെ 61ഏക്കറും പള്ളിത്തുറ സ്‌കൂളിന്റെ വക 3.39 ഹെക്ടര്‍ ഭൂമിയും ഉള്‍പ്പെടെ 89.32 ആര്‍ ഭൂമിയാണ് സര്‍ക്കാരിന് വിട്ടുകൊടുത്തത്.
തിരുവനന്തപുരം: തുമ്പ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനായി ഭൂമി വിട്ടുനല്‍കണമെന്ന ഡോ.വിക്രം സാരാഭായിയുടെ അഭ്യര്‍ത്ഥന മാനിച്ച് 1963ല്‍ തുമ്പയില്‍ താമസിച്ചിരുന്ന183 കുടുംബങ്ങളുടെ വീടും സ്ഥലവും സെന്റ് മേരീസ് മഗ്ദലനപള്ളിയുടെ 61ഏക്കറും പള്ളിത്തുറ സ്‌കൂളിന്റെ വക 3.39 ഹെക്ടര്‍ ഭൂമിയും ഉള്‍പ്പെടെ 89.32 ആര്‍ ഭൂമിയാണ് സര്‍ക്കാരിന് വിട്ടുകൊടുത്തത്. തുമ്പയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ പള്ളിത്തുറയില്‍ പുനരധിവസിപ്പിക്കുകയും ചെയ്തിരുന്നു.
അന്ന് ഭൂമി വിട്ടുനല്‍കിയവര്‍ക്ക് പകരം സര്‍ക്കാര്‍ ഭൂമി നല്‍കിയെങ്കിലും പട്ടയം നല്‍കിയിരുന്നില്ല. നീണ്ടകാല നിയമ നടപടികള്‍ക്കൊടുവില്‍ 2000ല്‍ എംഎൽഎ ആയിരുന്ന കടകംപള്ളി സുരേന്ദ്രന്റെ ശ്രമഫലമായി 142 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു. തുടര്‍ന്നുള്ള 41പേര്‍ക്കും പള്ളിക്കും സ്‌കൂളിനും പട്ടയം ലഭിച്ചിരുന്നില്ല. ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് വീണ്ടും ബാക്കി പട്ടയം നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് ജീവന്‍ വെച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 41 കുടുംബങ്ങള്‍ക്ക് കൂടി പട്ടയം ലഭിച്ചു. എന്നാല്‍ പുനരധിവാസ ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട സെന്റ് മേരി മഗ്ദലന്‍സ് പള്ളിക്കും ഹയര്‍സെക്കണ്ടറി സ്‌കൂളിനും സ്ഥലം പതിച്ചു നല്‍കിയിരുന്നില്ല. പള്ളി, സ്‌കൂള്‍ എന്നിവ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന ചട്ടങ്ങളാണ് ഇതിന് കാരണമായത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന് വീണ്ടും മന്ത്രിസഭായോഗം ഇക്കാര്യം പരിശോധിച്ചാണ് സെന്റ് മേരീസ് മഗ്ദലന്‍സ് പള്ളിയും സെമിത്തേരിയും നിലനില്‍ക്കുന്ന 4.37ഏക്കര്‍ ഭൂമിയും പള്ളിത്തുറ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന 3.39 ഏക്കര്‍ ഭൂമിയും പതിച്ചു നല്‍കിയത്.
വിഎസ്എസ് സി പോലൊരു മഹത്തായ സ്ഥാപനത്തിന് ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നീതി ലഭ്യമാക്കേണ്ടതിന് നടത്തിയ ഇടപെടല്‍ വിജയം കണ്ടതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.