2011 ലെ നെഹ്‌റു ട്രോഫി വള്ളംകളി:ദേവാസ് ചുണ്ടന്റെ വിജയം അസ്ഥിരപ്പെടുത്തി;കിരീടം കാരിച്ചാല്‍ ചുണ്ടന്
മൂന്നാം സ്ഥാനത്തെത്തിയ മുട്ടേല്‍ കൈനകരി ചുണ്ടന് രണ്ടാം സ്ഥാനവും നാലാമതായി ഫിനിഷ് ചെയ്ത പായിപ്പാടന്‍ ചുണ്ടന് മൂന്നാം സ്ഥാനവും നല്‍കാന്‍ ജൂറി ഓഫ് അപ്പീല്‍ തീരുമാനിച്ചു
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളിയില്‍ 2011ല്‍ ഒന്നാം സ്ഥാനത്തെത്തിയ ദേവാസ് ചുണ്ടന്റെ വിജയം ജൂറി ഓഫ് അപ്പീല്‍ വീണ്ടും അസ്ഥിരപ്പെടുത്തി. ദേവാസ് ചുണ്ടന്‍ പ്രതിനിധികളുടെ ഹരജിയില്‍ ജൂറി ഓഫ് അപ്പീലിന്റെ 2011ലെ തീരുമാനം റദ്ദാക്കി കഴിഞ്ഞ ഡിസംബര്‍ 15ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവില്‍ ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ച് ഈ വിഷയത്തില്‍ ബന്ധപ്പെട്ട എല്ലാവരുടെയും ഹിയറിംഗ് നടത്തിയ ശേഷമാണ് ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ അധ്യക്ഷനായുള്ള ജൂറി ദേവാസ് ചുണ്ടന് അയോഗ്യത കല്‍പ്പിച്ചത്.
രണ്ടാം സ്ഥാനം ലഭിച്ച കാരിച്ചാല്‍ ചുണ്ടന് ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനത്തെത്തിയ മുട്ടേല്‍ കൈനകരി ചുണ്ടന് രണ്ടാം സ്ഥാനവും നാലാമതായി ഫിനിഷ് ചെയ്ത പായിപ്പാടന്‍ ചുണ്ടന് മൂന്നാം സ്ഥാനവും നല്‍കാന്‍ ജൂറി ഓഫ് അപ്പീല്‍ തീരുമാനിച്ചു. ജില്ലാ പോലിസ് മേധാവി ജി. ജയദേവ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജെ. മോബി, ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ വിധു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ജൂറി ഓഫ് അപ്പീലിന് ആദ്യം അപ്പീല്‍ ഫയല്‍ ചെയ്ത കാരിച്ചാല്‍ ചുണ്ടന്റെ പ്രതിനിധികള്‍ ഹിയറിംഗിന് ഹാജരായില്ല. 2011ല്‍ വിജയിയായി പ്രഖ്യാപിക്കപ്പെട്ട ദേവാസ് ചൂണ്ടനിലെ തുഴച്ചില്‍ക്കാര്‍ യൂനിഫോമായി നിശ്ചയിച്ചിരുന്ന കയ്യില്ലാത്ത ബനിയന്‍ ധരിച്ചിരുന്നില്ലെന്നും വള്ളം കളിയുടെ വ്യവസ്ഥകള്‍ ബോധപൂര്‍വ്വം ലംഘിക്കുകയായിരുന്നെന്നും ജൂറി കണ്ടെത്തി.
മല്‍സരം തുടങ്ങുന്നതിനു മുന്‍പ് യൂനിഫോം ധരിച്ചിരിക്കണമെന്ന് ചീഫ് സ്റ്റാര്‍ട്ടറുടെ നിര്‍ദേശം അവഗണിച്ചതായി സംശയാതീതമായി ബോധ്യപ്പെട്ടതായും ദേവാസ് ചുണ്ടന്റെ ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ക്യാപ്റ്റന്‍സ് ക്ലിനിക്കില്‍ പങ്കെടുക്കാതിരുന്നത് നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവര്‍ വിലിരുത്തി. രാജ്യാന്തര തലത്തില്‍വരെ ശ്രദ്ധിക്കപ്പെടുന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ മല്‍സരങ്ങള്‍ നീതി പൂര്‍വ്വമായും അച്ചടക്കത്തോടെയും നിശ്ചിത നിയമാവലിയും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചും നടത്താന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.