ഓട്ടോകാസ്റ്റ് പുത്തന്‍ ഉണര്‍വിലേക്ക്: നിര്‍മ്മാണം പൂര്‍ത്തിയായ ആദ്യ തീവണ്ടി ബോഗി ആറിന് കയറ്റി അയക്കും
ആറിന് വൈകുന്നേരം 5.30 ന് മന്ത്രി പി രാജീവ് ബോഗി കയറ്റി അയ്ക്കുന്നത് ഓട്ടോ കാസ്റ്റില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. അമൃത്‌സര്‍ സെന്‍ട്രല്‍ റെയില്‍വേ വര്‍ക്ക് ഷോപ്പിലേക്ക് ആണ് ബോഗി അയയ്ക്കുക. ഉത്തര റെയില്‍വേ പഞ്ചാബ് സോണിനുള്ള ഗുഡ്‌സ് വാഗണിന് ആവശ്യമായ 5 കാസ്‌നബ് ബോഗികള്‍ നിര്‍മ്മിക്കുന്നതിന് 2020 മാര്‍ച്ചില്‍ ആണ് ഓട്ടോകാസ്റ്റിന് ഓര്‍ഡര്‍ ലഭിച്ചത്
ആലപ്പുഴ : പൊതുമേഖലാസ്ഥാപനമായ ചേര്‍ത്തല ഓട്ടോകാസ്റ്റ് പുത്തന്‍ ഉണര്‍വിലേക്ക്. ഉത്തര റെയില്‍വേയ്ക്കായി ഓട്ടോ കാസ്റ്റില്‍ നിര്‍മ്മിച്ച ആദ്യ തീവണ്ടി ബോഗി ഈ മാസം 6 ന് കയറ്റി അയയ്ക്കും. ആറിന് വൈകുന്നേരം 5.30 ന് മന്ത്രി പി രാജീവ് ബോഗി കയറ്റി അയ്ക്കുന്നത് ഓട്ടോ കാസ്റ്റില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. അമൃത്‌സര്‍ സെന്‍ട്രല്‍ റെയില്‍വേ വര്‍ക്ക് ഷോപ്പിലേക്ക് ആണ് ബോഗി അയയ്ക്കുക. ഉത്തര റെയില്‍വേ പഞ്ചാബ് സോണിനുള്ള ഗുഡ്‌സ് വാഗണിന് ആവശ്യമായ 5 കാസ്‌നബ് ബോഗികള്‍ നിര്‍മ്മിക്കുന്നതിന് 2020 മാര്‍ച്ചില്‍ ആണ് ഓട്ടോകാസ്റ്റിന് ഓര്‍ഡര്‍ ലഭിച്ചത്. ബാക്കിയുള്ള നാല് ബോഗികളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ കയറ്റി അയയ്ക്കും.
വരും വര്‍ഷങ്ങളില്‍ ഉല്‍പാദനശേഷി വര്‍ധിപ്പിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മുന്നോട്ടുപോകാനാണ് ഓട്ടോകാസ്റ്റിന്റെ ലക്ഷ്യം. കൊവിഡ് മഹാമാരി കാലത്തും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കമ്പനിയുടെ ഉല്‍പ്പാദനം മികച്ച രീതിയില്‍ വര്‍ധിപ്പിക്കാന്‍ ഓട്ടോകാസ്റ്റിന് സാധിച്ചു . ഏകദേശം രണ്ടരലക്ഷത്തിലേറെയാണ് കാസ് നബ് ബോഗിയുടെ നിര്‍മ്മാണത്തിനുള്ള ചെലവ്. ബോഗി നിര്‍മാണത്തിലൂടെ കമ്പനിയുടെ വാര്‍ഷിക വരവില്‍ നാലു കോടിയുടെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
2016 ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുടങ്ങിക്കിടന്ന സ്റ്റീല്‍ കാസ്റ്റിംഗ് ലൈനിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ ഓട്ടോകാസ്റ്റിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് 2017 ല്‍ കാസ്‌നബ് ബോഗിയുടെ നിര്‍മ്മാണത്തിനും സ്റ്റീല്‍ കാസ്റ്റിംഗ് ലൈനിന്റെ നിര്‍മ്മാണത്തിനും മെഷിനിങ് ഷോപ്പിനുമായി 10 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു.
ഇതുവരെ സ്വകാര്യ മേഖലയെ ആശ്രയിച്ച് മാത്രമാണ് റെയില്‍വേ ചരക്ക് തീവണ്ടികളുടെ വാഗണുകള്‍ ആവശ്യാനുസരണം ലഭ്യമാക്കി വന്നിരുന്നത്. കാസ്‌നബ് ബോഗികള്‍ എന്നറിയപ്പെടുന്ന ചരക്ക് തീവണ്ടി ബോഗിയുടെ സാമ്പിള്‍ ഓട്ടോ കാസ്റ്റില്‍ വിജയകരമായി നിര്‍മ്മിക്കുകയും ആര്‍ ഡി എസ് ഒ അംഗീകാരം ലഭിക്കുകയും ചെയ്തു. പ്രതിവര്‍ഷം രണ്ടായിരത്തിലധികം ബോഗികളാണ് റെയില്‍വേ ശരാശരി വാങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേയുടെ പല ഓണ്‍ലൈന്‍ ടെണ്ടറുകളിലും പങ്കെടുത്തത്തിലൂടെയാണ് അമൃതസറിലെ സെന്‍ട്രല്‍ റെയില്‍വേ വര്‍ക്ക് ഷോപ്പിലേക്കുള്ള അഞ്ചു ബോഗികളുടെ നിര്‍മ്മാണത്തിനുള്ള ആദ്യ ഓര്‍ഡര്‍ ഓട്ടോകാസ്റ്റിന് ലഭിച്ചത്.
കമ്പനിയുടെ പ്രവര്‍ത്തന മേഖലയുടെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി അനെര്‍ട്ടുമായി സഹകരിച്ച് ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്‌റ്റേഷന്‍ ഓട്ടോകാസ്റ്റില്‍ സ്ഥാപിച്ചു. പാരമ്പര്യേതര ഊര്‍ജ്ജസ്രോതസിന്റെ ഉപയോഗം വര്‍ധിപ്പിച്ച് വൈദ്യുതി ഇനത്തില്‍ വരുന്ന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി രണ്ട് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതിക്ക് അനുമതിയും ലഭിച്ചിട്ടുണ്ട്. ഇതിന്റെ മുന്നൊരുക്കങ്ങളും ഓട്ടോകാസ്റ്റ് ആരംഭിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി എന്‍ ഐ ഐ എസ്ടി യുമായി സഹകരിച്ച് കമ്പനിയിലെ ഉപയോഗശൂന്യമായ മോള്‍ഡിങ് മണല്‍ ഉപയോഗിച്ച് കെട്ടിട നിര്‍മാണത്തിനാവശ്യമായ ഇഷ്ടികയുടെ നിര്‍മ്മാണം പരീക്ഷണാടിസ്ഥാനത്തില്‍ പുരോഗമിച്ചു വരികയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സമഗ്രമായ വികസനവും പുരോഗതിയും ലക്ഷ്യമാക്കി സംസ്ഥാനസര്‍ക്കാരും റിയാബും സംയുക്തമായി ആവിഷ്‌കരിച്ച് നടപ്പാക്കിയ കര്‍മ്മ പദ്ധതികളാണ് ഓട്ടോ കാസ്റ്റിനെ പുത്തന്‍ ഉണര്‍വിലേക്ക് നയിച്ചത്.