ആലപ്പുഴയില്‍ ബീച്ചുകളും പാര്‍ക്കുകളും നാലു മുതല്‍ തുറക്കും
കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തുറക്കല്‍.ബീച്ചുകളും പാര്‍ക്കുകളും പ്രവര്‍ത്തിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
ആലപ്പുഴ: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട വിനോദസഞ്ചാരമേഖല ഘട്ടം ഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ബീച്ചുകളും പാര്‍ക്കുകളും നിയന്ത്രണങ്ങളോടെ ഒക്ടോബര്‍ നാലു മുതല്‍ തുറക്കും.കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തുറക്കല്‍.ബീച്ചുകളും പാര്‍ക്കുകളും പ്രവര്‍ത്തിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
കൊവിഡ് രോഗലക്ഷണങ്ങളോ മറ്റ് രോഗങ്ങളോ ഉള്ളവര്‍ ബീച്ചുകളിലും പാര്‍ക്കുകളിലും പ്രവേശിക്കാന്‍ പാടില്ല.സന്ദര്‍ശകര്‍ മാസ്‌ക് ശരിയായി ധരിക്കുകയും, സാമൂഹിക അകലവും സാനിറ്റൈസറിന്റെ ഉപയോഗവും ഉറപ്പാക്കുകയും വേണം.കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങളെ ഓര്‍മിപ്പിക്കുന്നതിന് ഇടയ്ക്കിടെ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്താന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം.
ബീച്ച്, വിശ്രമകേന്ദ്രങ്ങള്‍, ശുചിമുറികള്‍, കടകള്‍ മുതലായവ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കേണ്ടതും, വേസ്റ്റ് ബിന്നുകള്‍, സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കുകയും വേണം.
ബീച്ചുകളില്‍ വൈദ്യുതി, വെളിച്ചം, ജലലഭ്യത, കൊവിഡ് പ്രതിരോധ ബോധവത്കരണ ബോര്‍ഡുകള്‍ എന്നിവ ഉറപ്പാക്കാന്‍ പോര്‍ട്ട്, ഡിടിപിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ ഒക്ടോബര്‍ മൂന്നിനുള്ളില്‍ നടപടി സ്വീകരിക്കണം.കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം നിയമനടപടി സ്വീകരിക്കും.ബീച്ചുകളുടെയും പാര്‍ക്കുകളുടെയും പ്രവര്‍ത്തനത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലാ പോലിസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, റവന്യൂ അധികാരികള്‍, ടൂറിസം ഡെപ്യൂട്ടി, ഡിടിപിസി സെക്രട്ടറി, പോര്‍ട്ട് ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി.