പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും: മന്ത്രി പി രാജീവ്
അഭിമാനത്തേരിലേറി ഓട്ടോകാസ്റ്റ് ആദ്യ റെയില്‍വേ ബോഗി അമൃത് സറിലേക്ക് കയറ്റി അയച്ചു.ഓഗസ്റ്റ് 15നകം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും മാസ്റ്റര്‍ പ്ലാനുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കും. മാസ്റ്റര്‍ പ്ലാനുകള്‍ പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഒറ്റത്തവണ സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി
ആലപ്പുഴ:സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.പൊതുമേഖലാ സ്ഥാപനമായ ചേര്‍ത്തല ഓട്ടോകാസ്റ്റില്‍ ഉത്തര റെയില്‍വേയ്ക്കായി നിര്‍മ്മിച്ച ആദ്യ ട്രെയിന്‍ ബോഗിയുടെ കയറ്റി അയയ്ക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഓഗസ്റ്റ് 15നകം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും മാസ്റ്റര്‍ പ്ലാനുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കും. മാസ്റ്റര്‍ പ്ലാനുകള്‍ പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഒറ്റത്തവണ സഹായം നല്‍കും. പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക എത്രയാണോ അത് ഒരു തവണകൊണ്ടു നല്‍കാനാണ് തീരുമാനം. ആദ്യ ആദ്യഘട്ടത്തില്‍ നല്‍കേണ്ട സഹായങ്ങള്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൈക്കൊണ്ട ക്രിയാത്മകമായ നടപടികളിലൂടെ പൊതുമേഖലയെ ലാഭത്തില്‍ എത്തിക്കാന്‍ സാധിച്ചു. ഈ സര്‍ക്കാറിന്റെ നയവും പൊതുമേഖലയെ ശക്തിപ്പെടുത്തുക എന്നതാണ്. സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗം വിളിച്ചുചേര്‍ത്തതിന്റെ അടിസ്ഥാനത്തിലാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ വേണം എന്ന് തീരുമാനിച്ചത്. ഹ്രസ്വകാലം, ഇടക്കാലം, ദീര്‍ഘകാലം എന്നിങ്ങനെയുള്ള മാസ്റ്റര്‍ പ്ലാനുകളുടെ കരട് തയ്യാറാക്കി ഈ മാസം ഒന്നിന് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. റിയാബിനു കീഴിലുള്ള 45 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 42 എണ്ണത്തെയും ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത്.
മാസ്റ്റര്‍ പ്ലാന്‍ പരിശോധിക്കാനായി രൂപീകരിച്ച കോര്‍ കമ്മറ്റിയുടെ മാനദണ്ഡപ്രകാരം റിയാബിന്റെ മേല്‍നോട്ടത്തില്‍ ഓരോ സ്ഥാപനവും ഒരു കാരട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. ആ കരട് മാസ്റ്റര്‍പ്ലാന്‍ വിദഗ്ധ സംഘം പരിശോധിച്ച് ഓഗസ്റ്റ് 15ന് അംഗീകാരം നല്‍കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. അംഗീകാരം ലഭിക്കുന്ന മാസ്റ്റര്‍ പ്ലാനുകളുടെ അടിസ്ഥാനത്തിലാവണം ഓരോ സ്ഥാപനങ്ങളും മുന്നോട്ട് പ്രവര്‍ത്തിക്കാനെന്നും മന്ത്രി പറഞ്ഞു. പുതിയ കാലത്തിനനുസരിച്ച് പുതിയ വെല്ലുവിളികള്‍ നേരിട്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാറേണ്ടതുണ്ടെന്നും എല്ലാ സാധ്യതകളും പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രയോജനപ്പെടുത്തണം. ചേര്‍ത്തല ഓട്ടോ കാസ്റ്റിനായി സംസ്ഥാന ബജറ്റില്‍ മുന്നോട്ടു വെച്ചിട്ടുള്ള എല്ലാ കാര്യങ്ങളും സമയബന്ധിതമായി നല്‍കാന്‍ വ്യവസായ വകുപ്പ് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ പിഎസ്‌സിക്ക് വിടാത്ത എല്ലാ നിയമനങ്ങളും റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് കൈമാറും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 29 മേധാവികളുടെ ഒഴിവാണ് നിലവിലുള്ളത്. ഇത് നികത്താനുള്ള നടപടികള്‍ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. അമൃത്‌സര്‍ സെന്‍ട്രല്‍ റെയില്‍വേ വര്‍ക്ക് ഷോപ്പിലേക്കാണ് ബോഗി അയച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിന് ചരക്ക് തീവണ്ടിയുടെ ബോഗി നിര്‍മ്മാണത്തിന് അനുമതി ലഭിക്കുന്നത്. ബോഗിക്ക് രണ്ട് മീറ്റര്‍ വീതിയും രണ്ടര മീറ്റര്‍ നീളവും മുക്കാല്‍ മീറ്റര്‍ ഉയരവുമുണ്ട്. രണ്ടര ടണ്ണോളം ഭാരവും ഉണ്ട്. രണ്ടര ലക്ഷത്തിലേറെ രൂപയാണ് ഒരു ബോഗിയുടെ നിര്‍മാണ ചിലവ്.റെയില്‍വേ പഞ്ചാബ് സോണിനുള്ള ഗുഡ്‌സ് വാഗണിന് ആവശ്യമായ അഞ്ച് കാസ്‌നബ് ബോഗികള്‍ നിര്‍മ്മിക്കുന്നതിന് ഓട്ടോകാസ്റ്റിന് 2020 മാര്‍ച്ചിലാണ് ഓര്‍ഡര്‍ ലഭിച്ചത്. 14.5 ലക്ഷം രൂപയാണ് അഞ്ച് ബോഗികള്‍ക്കായി റെയില്‍വേ അനുവദിച്ചത്. ബാക്കിയുള്ള നാല് ബോഗികളും സെപ്റ്റംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും.