ആംബുലന്‍സില്ല;ആലപ്പുഴ പുന്നപ്രയില്‍ ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത് ബൈക്കില്‍

പിപികിറ്റ് ധരിച്ച രണ്ടു സന്നദ്ധ പ്രവര്‍ത്തകര്‍ തങ്ങളുടെ മധ്യത്തിലിരുത്തിയാണ് രോഗിയെ ബൈക്കില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. രോഗിയെ ബൈക്കില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.ആബുലന്‍സ് ഉണ്ടെങ്കിലും ഡ്രൈവറില്ലാത്തതിനാലാണ് മാറ്റിയിട്ടിരിക്കുന്നതെന്നാണ് വിവരം

Update: 2021-05-07 05:29 GMT

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിലെ ഡോമിസിലിയറി കെയര്‍ സെന്ററില്‍ ചികില്‍സയിലായിരുന്ന കൊവിഡ് രോഗിയെ നില ഗുരുതരമായതോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത് ബൈക്കില്‍. പിപികിറ്റ് ധരിച്ച രണ്ടു സന്നദ്ധ പ്രവര്‍ത്തകര്‍ തങ്ങളുടെ മധ്യത്തിലിരുത്തിയാണ് രോഗിയെ ബൈക്കില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. രോഗിയെ ബൈക്കില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.

ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട്അവശനിലയിലായ രോഗി ഗുരുതരാവസ്ഥയിലായിട്ടും പതിനഞ്ചു മിനിറ്റോളം സെന്ററില്‍ കിടന്നു ബുദ്ധിമുട്ടിയതായി ചികില്‍സയിലുള്ള മറ്റൊരു രോഗി പറഞ്ഞു.ആംബുലന്‍സിനു വേണ്ടി ശ്രമിച്ചെങ്കിലും കിട്ടിയില്ല.രോഗിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ മറ്റു വാഹനങ്ങളും കിട്ടാതെ വന്നതോടെ മറ്റൊരു രോഗിയുടെ ബൈക്കില്‍ പിപികിറ്റ് ധരിച്ച രണ്ടു സന്നദ്ധ പ്രവര്‍ത്തകര്‍ അവശനിലയിലായ രോഗിയെ അവരുടെ ഇടയില്‍ ഇരുത്തിക്കൊണ്ട് മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്നുവെന്നും മറ്റൊരു രോഗി പറഞ്ഞു.

ഡോക്ടറുടെ സേവനം ഇവിടുത്തെ ഡോമിസിലിയറി കെയര്‍ സെന്ററില്‍ ഇല്ലെന്നും ഇദ്ദേഹം പറയുന്നു.ആബുലന്‍സ് ഉണ്ടെങ്കിലും ഡ്രൈവറില്ലാത്തതിനാലാണ് മാറ്റിയിട്ടിരിക്കുന്നതെന്നാണ് വിവരം.പ്രായമായവര്‍ മുതല്‍ കുട്ടികള്‍വരെ ഈ് സെന്ററില്‍ ചികില്‍സയില്‍ ഉണ്ട്.ഇവരുടെ നില ഗുരുതരമായാല്‍ എന്തു ചെയ്യുമെന്നും ഇവര്‍ ചോദിക്കുന്നു.സംഭവം പുറത്തുന്നവന്നതോടെ ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്

Tags:    

Similar News