ആലപ്പുഴ കാട്ടൂരില്‍ ആധുനിക പുലിമുട്ട് :തീരത്ത് കരിങ്കല്ലുകള്‍ പാകിത്തുടങ്ങി

രണ്ടാഴ്ചക്കുള്ളില്‍ ടെട്രാപോഡുകള്‍ സ്ഥാപിച്ചു തുടങ്ങും.നിര്‍ദിഷ്ട മേഖലയില്‍ കരിങ്കല്ലുകള്‍ പാകിയതിനു ശേഷം ടെട്രാപോഡുകള്‍ അതിനു മുകളില്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നതെന്ന് കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഹരന്‍ ബാബു പറഞ്ഞു

Update: 2021-08-26 04:53 GMT

ആലപ്പുഴ: കടലാക്രമണം തടയുന്നതിനായി കാട്ടൂരിലെ തീരമേഖലയില്‍ സ്ഥാപിക്കുന്ന ആധുനിക പുലിമുട്ടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ആധുനിക പുലിമുട്ട് സംവിധാനമായ ടെട്രാപോഡുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് ദ്രുതഗതിയില്‍ നടന്നു വരികയാണ്. അതോടൊപ്പം തീരത്ത് കരിങ്കല്ലുകള്‍ പാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. നിര്‍ദിഷ്ട മേഖലയില്‍ കരിങ്കല്ലുകള്‍ പാകിയതിനു ശേഷം ടെട്രാപോഡുകള്‍ അതിനു മുകളില്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നതെന്ന് കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഹരന്‍ ബാബു പറഞ്ഞു.

മൂന്ന് തട്ടുകളിലായി പല വലുപ്പമുള്ള കരിങ്കല്ലുകളാണ് പാകുന്നത്. കല്ലുകള്‍ പാകിയതിനു ശേഷം രണ്ട് തട്ടില്‍ ടെട്രാപോഡുകളും അതിനു മുകളില്‍ സ്ഥാപിക്കും. രണ്ടാഴ്ചക്കുള്ളില്‍ ടെട്രാപോഡുകള്‍ സ്ഥാപിച്ചു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കടല്‍ത്തീര സംരക്ഷണ പദ്ധതിയുടെ ഭാഗമായി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവിടെ പുലിമുട്ടുകള്‍ സ്ഥാപിക്കുന്നത്. കാട്ടൂര്‍ ഓമനപ്പുഴ മുതല്‍ വാഴകൂട്ടം പൊഴി വരെ 3.16 കിലോമീറ്റര്‍ നീളത്തില്‍ സ്ഥാപിക്കുന്ന പുലിമുട്ടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ഒക്ടോബറിലാണ് തുടക്കം കുറിച്ചത്. 34 പുലിമുട്ടുകളാണ് കാട്ടൂര്‍ തീരമേഖലയില്‍ സ്ഥാപിക്കുന്നത്. കരിങ്കല്ലുകള്‍ക്ക് പകരം കോണ്‍ക്രീറ്റ് ചെയ്തു നിര്‍മിക്കുന്ന നാല് കാലുകളുള്ള ടെട്രാപോഡുകള്‍ രണ്ട്, അഞ്ച് ടണ്‍ ഭാരത്തിലാണ് നിര്‍മിക്കുന്നത്.

പുലിമുട്ടുകള്‍ കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്നതിനാല്‍ തിരമാലകളുടെ പ്രഹരശേഷി ദൂരെവച്ചുതന്നെ കുറയ്ക്കാനും തീര ശോഷണം ഇല്ലാതാക്കി കൂടുതല്‍ മണല്‍ അടിഞ്ഞ് ബീച്ച് ഉണ്ടാക്കാനും സാധിക്കുമെന്നതാണ് പ്രത്യേകത. മല്‍സ്യത്തൊഴിലാളികള്‍ക്ക് മല്‍സ്യബന്ധന വള്ളങ്ങളും ഉപകരണങ്ങളും കയറ്റി വയ്ക്കാനും മത്സ്യ വിപണനം നടത്താനും പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതോടെ സാധിക്കും. അടിയില്‍ ചെറുകല്ലുകള്‍ പാകി മുകളില്‍ ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതിനാല്‍ പാറകളുടെ ഉപയോഗം കുറയ്ക്കാനും സാധിക്കും.പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതോടെ പഞ്ചായത്തിലെ 160 കുടുംബങ്ങള്‍ക്ക് പ്രത്യക്ഷമായും അറുനൂറില്‍പരം കുടുംബങ്ങള്‍ക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും. ഏകദേശം 20 ഹെക്ടര്‍ സ്ഥലം തീരശോഷണം വരാതെ സംരക്ഷിക്കാനും സാധിക്കും.ഓരോ പുലിമുട്ട് തമ്മിലും 100 മീറ്റര്‍ അകലം ഉണ്ടാകും. കടലിലേക്ക് 40 മീറ്റര്‍ നീളത്തിലും അഗ്രഭാഗത്ത് ബള്‍ബിന്റെ ആകൃതിയില്‍ 20 മീറ്റര്‍ വീതിയിലുമാണ് പുലിമുട്ട് നിര്‍മിക്കുന്നത്. ഇവിടെ രണ്ടു ടണ്ണിന്റേത് 23000 എണ്ണവും അഞ്ചു ടണ്ണിന്റേത് നാലായിരവുമാണ് സ്ഥാപിക്കുന്നത്. 49.90 കോടി രൂപയുടെ പദ്ധതി കാലാവധി ഒന്നര വര്‍ഷമാണ്.

Tags:    

Similar News