കുട്ടനാട്ടിലെ പുറംബണ്ടുകള്‍ ബലപ്പെടുത്തുന്നതിന് മുന്‍ഗണന;ഏറ്റെടുത്ത നെല്ലിന്റെ വില സമയ ബന്ധിതമായി കൊടുക്കും-കൃഷിമന്ത്രി പി പ്രസാദ്
പുറം ബണ്ടിന്റെ ചില ഭാഗങ്ങള്‍ ക്ഷയിച്ചിട്ടുണ്ട്. ഇത് മടവീഴ്ചയ്ക്ക് കാരണമാകുമെന്ന് കൃഷിക്കാര്‍ പറയുന്നു. ഇക്കാര്യത്തില്‍ ഗൗരവമായ പഠനം നടത്തും. കുട്ടനാട്ടിലെ കൃഷിയുടെ കാര്യത്തില്‍ വലിയ ഇടപെടല്‍ അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പ്രസാദ് പറഞ്ഞു. ശാസ്ത്രീയമായും ഗുണപരമായും പൈല്‍ ആന്റ് സ്ലാബ് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടും
ആലപ്പുഴ: കുട്ടനാട്ടില്‍ പുറംബണ്ടുകള്‍ ബലപ്പെടുത്തുന്നതിന് പ്രാമുഖ്യം നല്‍കി, അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ മുന്‍ഗണന നിശ്ചയിച്ച് പരിഹരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. റാണി,ചിത്തിര, മാര്‍ത്താണ്ഡം,ആര്‍ ബ്ലോക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. വലിയ മനുഷ്യാധ്വാനം ഉപയോഗിച്ച് കൃഷി ഭൂമിയാക്കി പരിവര്‍ത്തനം നടത്തിയ പ്രദേശമാണ് ഇവിടം. ഇവിടെ കൃഷി കാര്യക്ഷമമായി നടപ്പാക്കുകയാണ് കൃഷിവകുപ്പിന്റെ ലക്ഷ്യം. പുറം ബണ്ടിന്റെ ചില ഭാഗങ്ങള്‍ ക്ഷയിച്ചിട്ടുണ്ട്. ഇത് മടവീഴ്ചയ്ക്ക് കാരണമാകുമെന്ന് കൃഷിക്കാര്‍ പറയുന്നു. ഇക്കാര്യത്തില്‍ ഗൗരവമായ പഠനം നടത്തും. കുട്ടനാട്ടിലെ കൃഷിയുടെ കാര്യത്തില്‍ വലിയ ഇടപെടല്‍ അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പ്രസാദ് പറഞ്ഞു.
ശാസ്ത്രീയമായും ഗുണപരമായും പൈല്‍ ആന്റ് സ്ലാബ് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടും. വകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും എന്‍ജിനീയറിങ് വിഭാഗവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടത് പ്രത്യേകമായി പരിഗണിക്കും. കഴിഞ്ഞ കൃഷിമന്ത്രിയുടെ കാലത്ത് ആര്‍ ബ്ലോക്കിന്റെ കാര്യത്തില്‍ ഇടപെടല്‍ ഉണ്ടായി. ഒരു ഉദ്യോഗസ്ഥനെ ചുമതല ഏല്‍പ്പിച്ചു. ഇതിന്റെ തുടര്‍നടപടികള്‍ ഇനിയും ഉണ്ടാകും. കാലാവസ്ഥാവ്യതിയാനം കുട്ടനാടിനെ ഏറെ ബാധിച്ചു. ഗുണമേന്മയുള്ള സ്ലാബുകള്‍ വയ്ക്കുന്നതിനും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉറപ്പു നല്‍കുന്ന ബണ്ടുകള്‍ സ്ഥാപിക്കുന്നതിനും ശാസ്ത്രീയ അടിത്തറയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും.
കുട്ടനാട്ടില്‍ കൃഷി ഉള്‍പ്പെടെയുള്ള എല്ലാത്തിനും സമയക്രമം പാലിക്കേണ്ടതുണ്ട്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള സബ് മേഴ്‌സിബിള്‍ വെര്‍ട്ടിക്കല്‍ ആക്‌സൈല്‍ ഫ്‌ലോ പമ്പുകള്‍ കുട്ടനാട്ടില്‍ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൃഷിയുടെ കാര്യത്തിലും ബണ്ടുകള്‍ ശക്തിപ്പെടുത്തുന്ന കാര്യത്തിലും കൃത്യമായ നിരീക്ഷണം കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാവും. മന്ത്രിസഭ അധികാരമേറ്റ ശേഷം രണ്ടാം സന്ദര്‍ശനമാണ് ഇത്.
ഉദ്യോഗസ്ഥരുമായി വിശദമായ ചര്‍ച്ച ചെയ്യും. ഈ ആഴ്ചതന്നെ കൃഷി, ജലസേചനം, ഫിഷറീസ് മന്ത്രിമാര്‍ ഒന്നിച്ചിരുന്ന് കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മങ്കൊമ്പില്‍ ചേര്‍ന്ന യോഗത്തില്‍ പ്രാഥമികമായി കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. കുട്ടനാട്ടിലെ ഏറ്റെടുത്ത നെല്ലിന്റെ വില സമയബന്ധിതമായി കൊടുത്തു തീര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആര്‍ ബ്ലോക്കില്‍ കൃഷി വ്യാപിപ്പിക്കുന്നതിന് വലിയ തുക സര്‍ക്കാര്‍ മുടക്കിയിട്ടുണ്ട്. അതിന്റെ പ്രയോജനം കൃഷിക്കാര്‍ ഉറപ്പാക്കണമെന്നും കൃഷിവകുപ്പ് അതിന് എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.