മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം: പ്രതിയായ പോലിസുദ്യോഗസ്ഥന് മുന്‍കൂര്‍ ജാമ്യം
മാവേലിക്കരയിലെ ആശുപത്രിയിലെ ഡോക്ടര്‍ രാഹുലിനെ മര്‍ദ്ദിച്ച കേസിലാണ് പോലിസൂദ്യോഗസ്ഥന്‍ അഭിലാഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്
കൊച്ചി: മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദിച്ച കേസിലെ പ്രതിയായ പോലിസ് ഉദ്യോഗസ്ഥന്‍ അഭിലാഷിന് ഹൈക്കോടതി മുന്‍ കൂര്‍ ജാമ്യം അനുവദിച്ചു.ഡോക്ടറെ മര്‍ദ്ദിച്ച സംഭവം ഒരു വിഷമാവസ്ഥയില്‍ സംഭവിച്ചുപോയതാണെന്നു അഭിലാഷ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തന്റെ ജോലി നഷ്ടപ്പെട്ടു പോകുമെന്നും ബോധപൂര്‍വം ചെയ്തതല്ലെന്നും പോലിസുകാരന്‍ ജാമ്യാപേക്ഷയിലെ വാദത്തിനിടെ കോടതിയില്‍ അറിയിച്ചിരുന്നു.
തന്റെ അമ്മയെ നഷ്ടമായെന്നും ജാമ്യം നിഷേധിച്ചാല്‍ ജോലിയും കൂടി നഷ്ടമാകുമെന്നും പ്രതി കോടതിയില്‍ വാദിച്ചു. അപ്പോഴത്തെ വിഷമത്തെ തുടര്‍ന്നുണ്ടായ മാനസികാവസ്ഥയില്‍ ചെയ്തു പോയതാണെന്നും ജാമ്യം നല്‍കണമെന്നും പ്രതി ആവശ്യപ്പെട്ടു. അതേ സമയം പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന മര്‍ദനമേറ്റ ഡോ. രാഹുല്‍ മാത്യുവിനു വേണ്ടി കേസില്‍ കക്ഷി ചേര്‍ന്ന അഭിഭാഷകന്‍ വാദിച്ചിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിനാണ് ഡോ. രാഹുല്‍ ഇരയായതെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യുഷനും കോടതിയില്‍ ആവശ്യപ്പെട്ടു.
അതേ സമയം കേസിന്റെ അന്വേഷണം കഴിഞ്ഞ ദിവസം മാവേലിക്കര പോലീസില്‍ നിന്നും ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.ആലപ്പുഴ ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.സംഭവശേഷം ഒളിവില്‍ പോയ ഇയാളെ കണ്ടെത്താന്‍ മാവേലിക്കര പോലിസ് അന്വേഷണം നടത്തിവരുന്നതിനിടയിലായിരുന്നു കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
മെയ് 14നാണ് കേസിനാസ്പദമായ സംഭവം കൊവിഡ് ചികില്‍സയ്ക്കായി മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ച അമ്മയക്ക് സമയത്ത് ചികില്‍സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ മരണം സംഭവിച്ചുവെന്നാരോപിച്ച് ആരോപിച്ചാണ് ഡോക്ടര്‍ ആയി ജോലി നോക്കിവന്ന രാഹുല്‍ മാത്യുവിനെ അഭിലാഷ് സുഹൃത്തിനൊപ്പം ചെന്ന് മര്‍ദിച്ചത്. ഡോക്ടറുടെ പരാതിയില്‍ കേസ് എടുത്ത് അഭിലാഷിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.