സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴി കൂടുതല്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നത് പരിഗണനയിലെന്ന് മന്ത്രി ജി ആര്‍ അനില്‍

സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന് 20 മുതല്‍ 24 ശതമാനം വരെ വിലക്കിഴിവുണ്ട്. മരുന്നുകള്‍ക്ക് 13 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് വില കുറച്ചു നല്‍കുന്നത്. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് എല്ലാ മരുന്നുകള്‍ക്കും 25 ശതമാനം വിലക്കിഴിവുണ്ട്

Update: 2022-02-12 05:35 GMT

ആലപ്പുഴ: മരുന്നിനു പുറമെ സര്‍ജിക്കല്‍ ഉപകരണങ്ങളും ആരോഗ്യ രംഗത്തെ മറ്റ് ഉല്‍പന്നങ്ങളും സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളിലൂടെ ലഭ്യമാക്കുന്നത് പരിഗണനയിലാണെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. എടത്വയിലെ നവീകരിച്ച സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറിന്റെ ഉദ്ഘാടനം കൊച്ചി ഗാന്ധിനഗറിലെ സപ്ലൈകോ ആസ്ഥനത്തുനിന്നും ഓണ്‍ലനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ നൂറോളം മെഡിക്കല്‍ സ്‌റ്റോറുകള്‍ കോര്‍പ്പറേഷനു കീഴില്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്നു. ഇതുവഴി ഏഴു കോടിയിലധികം രൂപയുടെ വില്‍പന ഇതുവരെ നടത്താനായി. സര്‍ക്കാരിന്റെ 100 ഇന പരിപാടിയില്‍ നവീകരിച്ചവ ഉള്‍പ്പെടെ കൂടുതല്‍ മെഡിക്കല്‍ സ്‌റ്റോറുകള്‍ ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട്.

സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന് 20 മുതല്‍ 24 ശതമാനം വരെ വിലക്കിഴിവുണ്ട്. മരുന്നുകള്‍ക്ക് 13 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് വില കുറച്ചു നല്‍കുന്നത്. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് എല്ലാ മരുന്നുകള്‍ക്കും 25 ശതമാനം വിലക്കിഴിവുണ്ട്. സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന സപ്ലൈ കോ മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴി കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. തോമസ് കെ തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി.

Tags:    

Similar News