കെഎസ്ആര്‍ടിസി ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ല; കൊണ്ടത് കാട്ടുകള്ളന്‍മാര്‍ക്ക്: എംഡി ബിജു പ്രഭാകര്‍
ജീവനക്കാരുമായി യുദ്ധത്തിനില്ല. ചില ഉപജാപക സംഘങ്ങള്‍ തനിക്കെതിരേ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ്. താന്‍ ഒരിക്കലും തൊഴിലാളി വിരുദ്ധനല്ല. ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ എംഡിയെ ഓടിക്കാന്‍ ശ്രമിച്ചപ്പോഴാണ് തുറന്നുപറച്ചില്‍ നടത്തിയത്.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വ്യാപക ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കെതിരേ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ച് എംഡി ബിജു പ്രഭാകര്‍. കെഎസ്ആര്‍ടിസിയെ നന്നാക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. ആക്ഷേപിച്ചത് ആര്‍ക്കെങ്കിലും കൊണ്ടിട്ടുണ്ടെങ്കില്‍ അത് കാട്ടുകള്ളന്‍മാര്‍ക്കാണ്. അവരായിരിക്കാം ആക്ഷേപിച്ചു എന്ന് മാധ്യമങ്ങളില്‍ വിളിച്ചുപറഞ്ഞത്. പ്രശ്‌നമുണ്ടാക്കാനല്ല, പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം.
കെഎസ്ആര്‍ടിസിയില്‍ കുറച്ചുപേര്‍ മാത്രമാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്കെതിരേ കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് ലൈവിലൂടെ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുമായി യുദ്ധത്തിനില്ല. ചില ഉപജാപക സംഘങ്ങള്‍ തനിക്കെതിരേ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ്. താന്‍ ഒരിക്കലും തൊഴിലാളി വിരുദ്ധനല്ല. ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ എംഡിയെ ഓടിക്കാന്‍ ശ്രമിച്ചപ്പോഴാണ് തുറന്നുപറച്ചില്‍ നടത്തിയത്. തനിക്ക് പ്രത്യേക അജണ്ടകളില്ല.
സിഎന്‍ജി മാറ്റത്തെ എതിര്‍ക്കുന്നത് തെറ്റാണ്. താന്‍ സ്‌നേഹിക്കുന്ന സ്ഥാപനമാണ് കെഎസ്ആര്‍ടിസി. ഉപഭോക്താക്കള്‍ ആദ്യം എന്നതല്ല, ജീവനക്കാര്‍ക്ക് മുന്‍ഗണന എന്നതാണ് തന്റെ നയം. ശമ്പളപരിഷ്‌കരണം നടക്കാത്ത സാഹചര്യത്തില്‍ ഏതെങ്കിലും ജീവനക്കാര്‍ ജനങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അവരുടെ ജീവിതസാഹചര്യങ്ങള്‍ മൂലമാണ്. ബാങ്ക് ജപ്തി നേരിടുന്ന ഒരു ഡ്രൈവര്‍ എങ്ങനെ മനസ്സമാധാനമായി വണ്ടി ഓടിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ജീവനക്കാര്‍ സന്തുഷ്ടരായി ഇരുന്നാല്‍ മാത്രമേ സ്ഥാപനത്തെ മുന്നോട്ടുകൊണ്ടുപോവാന്‍ സാധിക്കുകയുള്ളൂ. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ജീവനക്കാരെ ഒന്നടങ്കം ആക്ഷേപിക്കുമെന്ന് ആര്‍ക്കെങ്കിലും കരുതാനാവുമോ എന്നും ബിജു പ്രഭാകര്‍ ചോദിച്ചു. കെഎസ്ആര്‍ടിസിയിലെ ഒരുവിഭാഗം ജീവനക്കാര്‍ തട്ടിപ്പും അഴിമതിയും ക്രമക്കേടും നടത്തി സ്ഥാപനത്തെ നഷ്ടത്തിലാക്കുകയാണെന്ന് കഴിഞ്ഞദിവസം ബിജു പ്രഭാകര്‍ ആരോപിച്ചിരുന്നു.
ഇന്ധനം ഊറ്റിയും ടിക്കറ്റ് മെഷീനില്‍ ക്രമക്കേട് നടത്തിയും പണം തട്ടിയെടുക്കുന്ന ജീവനക്കാരുണ്ട്. ഇന്ധനം ഊറ്റുന്ന ജീവനക്കാരാണ് ഇലക്ട്രിക് ബസ്സിനെ എതിര്‍ക്കുന്നത്. വര്‍ക്ക്‌ഷോപ്പുകളിലേക്ക് സാധനം വാങ്ങുന്നതിലും ഡിപ്പോകളില്‍ ലോക്കല്‍ പര്‍ച്ചേസ് നടത്തുന്നതിലും വലിയ അഴിമതി നടക്കുന്നുവെന്നും 100 കോടി രൂപ കാണാനില്ലെന്നും എംഡി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.