സിപിഎം പ്രവർത്തകയുടെ മരണം; പ്രാദേശിക നേതാക്കൾ മാനസികമായി പീഡിപ്പിച്ചെന്ന് ആത്മഹത്യാക്കുറിപ്പ്
സിപിഎം പ്രവർത്തകരായ കൊറ്റാമം രാജനും അലത്തറവിളാകം ജോയിയും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതിനെതിരെ പാർട്ടി ജില്ലാ കമ്മിറ്റിയിൽ പലവട്ടം പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും പോലിസ് പുറത്തുവിട്ട ആത്മഹത്യാ കുറിപ്പിലുണ്ട്.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത സിപിഎം പ്രവർത്തക ആശയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രാദേശിക നേതാക്കള്‍ക്കെതിരെ പരാതി. സിപിഎം പ്രാദേശിക നേതാക്കളുടെ മാനസിക പീഡനത്തിൽ മനംനൊന്താണ് ജീവനെടുക്കുന്നതെന്നാണ് ആശയുടെ ആത്മഹത്യകുറിപ്പിൽ എഴുതിയിരിക്കുന്നത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി എന്നിവരുടെ പേരുകളാണ് ആശ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. സിപിഎം പ്രവർത്തകരായ കൊറ്റാമം രാജനും അലത്തറവിളാകം ജോയിയും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതിനെതിരെ പാർട്ടി ജില്ലാ കമ്മിറ്റിയിൽ പലവട്ടം പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും പോലിസ് പുറത്തുവിട്ട ആത്മഹത്യാ കുറിപ്പിലുണ്ട്.
ഉദിയൻകുളങ്ങര അഴകിക്കോണം മേക്കേഭാഗത്തു പുത്തൻവീട്ടിൽ ആശ(41) ആണ് അഴകിക്കോണത്ത് പാർട്ടി ഓഫീസിന് വേണ്ടി വാങ്ങിയ കെട്ടിടത്തിനുള്ളിൽ തൂങ്ങി മരിച്ചത്. പാർട്ടി ചതിച്ചതിലുള്ള മനോവിഷമമെന്ന് ബന്ധുക്കൾ ആരോപിച്ചിച്ചിരുന്നു. എന്നാൽ ആത്മഹത്യ ചെയ്തത് പാർട്ടി ഓഫീസിൽ അല്ലെന്നും കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തെന്നും മരണകാരണം അറിയില്ലെന്നും സിപിഎം ജില്ലാ സെക്രട്ടി ആനാവൂർ നാഗപ്പൻ പ്രതികരിച്ചിരുന്നു. അതിനിടെ ആശയുടെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നതോടെ സിപിഎം പ്രതിക്കൂട്ടിലാക്കി.
മൃതദേഹം മാറ്റുന്നതിനായി പോലിസ് സ്ഥലത്തെത്തിയപ്പോൾ ആത്മഹത്യാക്കുറിപ്പ് പുറത്തുവിടാത്തതിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പ് പുറത്തുവിടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതോടെ സമരം പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഏറ്റെടുത്തു. റോഡ് ഉപരോധമുൾപ്പെടെ രണ്ട് മണിക്കൂറോളം നീണ്ട പ്രതിഷേധത്തെ തുടർന്ന് തഹസിൽദാരെത്തി ആശയുടെ ആത്മഹത്യാക്കുറിപ്പ് നാട്ടുകാർക്ക് വായിച്ചുകേൾപ്പിച്ചു.