അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം; മരിച്ചത് ഒരുമാസം പ്രായമുള്ള കുഞ്ഞ്

ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് കുഞ്ഞ് മരിക്കാനിടയാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, ജനന സമയം പൊക്കിള്‍ക്കൊടി കുഞ്ഞിന്റെ കഴുത്തില്‍ ചുറ്റിയിരുന്നതായും ശ്വാസതടസ്സമുണ്ടായിരുന്നതായും ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നുവെന്നും ആരോഗ്യകേന്ദ്രം അധികൃതര്‍ അറിയിച്ചു.

Update: 2020-10-12 00:57 GMT

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ആദിവാസി നവജാത ശിശു മരിച്ചു. മുക്കാലി ചിണ്ടക്കി ഊരിലെ പ്രീതയുടെ ഒരുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പരിശോധനയില്‍ ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പില്‍ വ്യതിയാനം കണ്ടതിനെത്തുടര്‍ന്ന് പ്രീതയെ പ്രസവദിനത്തിന് ഒരാഴ്ച മുമ്പുതന്നെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് നാലോടെ സാധാരണ പ്രസവത്തിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ഉടനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.

രാവിലെ പത്തോടെ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലേക്കു മാറ്റി. ഉച്ചയ്ക്ക് പന്ത്രണ്ടിന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോട്ടത്തറയിലെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ തന്നെ കുഞ്ഞിന്റെ ചലനം നിലച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

അവിടത്തെ ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് കുഞ്ഞ് മരിക്കാനിടയാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, ജനന സമയം പൊക്കിള്‍ക്കൊടി കുഞ്ഞിന്റെ കഴുത്തില്‍ ചുറ്റിയിരുന്നതായും ശ്വാസതടസ്സമുണ്ടായിരുന്നതായും ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നുവെന്നും ആരോഗ്യകേന്ദ്രം അധികൃതര്‍ അറിയിച്ചു.

രാവിലെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വിദഗ്ധചികില്‍സയ്ക്കായി ഇഎംഎസ് ആശുപത്രിയിലേക്ക് അയച്ചു. കുഞ്ഞിന് ഹൃദയസംബന്ധമായ രോഗങ്ങള്‍ പരിശോധനയില്‍ മുമ്പ് കണ്ടെത്തിയിരുന്നുവെന്നും മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കൂവെന്നും കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറഞ്ഞു.

Tags:    

Similar News