സ്ത്രീ വിരുദ്ധ പരാമര്‍ശം; മുല്ലപ്പള്ളി രാമചന്ദ്രനെതിരേ കേസെടുത്ത് പോലിസ്
മുല്ലപ്പളളിയുടെ പരാമര്‍ശത്തിനെതിരേ ആരോപണവിധേയയായ സോളാര്‍ കേസിലെ പ്രതി നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം വനിതാ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരേ പോലിസ് കേസെടുത്തു. മുല്ലപ്പളളിയുടെ പരാമര്‍ശത്തിനെതിരേ ആരോപണവിധേയയായ സോളാര്‍ കേസിലെ പ്രതി നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം വനിതാ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിജിപിക്കു ലഭിച്ച പരാതി തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്കു കൈമാറിയിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ സോളാര്‍ കേസിലെ പരാതിക്കാരി വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
അഭിസാരികയെ കൊണ്ടുവന്ന് കഥപറയിച്ചു സ്വര്‍ണക്കടത്ത് കേസില്‍നിന്നു രക്ഷപ്പെടാമെന്നു മുഖ്യമന്ത്രി കരുതേണ്ടെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. മുല്ലപ്പള്ളിയുടെ ഖേദപ്രകടനം കണക്കിലെടുക്കുന്നില്ലെന്നും തന്നെ മോശം വാക്കുകളുയോഗിച്ച് അപമാനിച്ചെന്നും പരാതിക്കാരി പറഞ്ഞു. യുഡിഎഫിന്റെ വഞ്ചനാദിനത്തോട് അനുബന്ധിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന പരിപാടിയിലായിരുന്നു മുല്ലപ്പള്ളിയുടെ ഈ പ്രസ്താവന. സോളാര്‍ കേസിലെ പരാതിക്കാരി കോണ്‍ഗ്രസ് നേതാവിനെതിരേ കഴിഞ്ഞദിവസം പോലിസില്‍ പരാതി നല്‍കിയ സംഭവത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന.
സംസ്ഥാനം മുഴുവന്‍ തന്നെ ബലാല്‍സംഗം ചെയ്തുവെന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന സ്ത്രീയെ കൊണ്ടുവന്നു കഥപറയിക്കാനാണു ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീയെ ഒരിക്കല്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞാല്‍ നമുക്ക് മനസ്സിലാക്കാം. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഒന്നുകില്‍ അവര്‍ മരിക്കും അല്ലെങ്കില്‍ ഒരിക്കല്‍ പോലും ആവര്‍ത്തിക്കാതിരിക്കതിരിക്കാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്.
പക്ഷേ, തുടരെത്തുടരെ സംസ്ഥാനം മുഴുവന്‍ എന്നെ ബലാല്‍സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ നിര്‍ത്തിക്കൊണ്ട് നിങ്ങള്‍ രംഗത്തുവരാന്‍ പോവുന്നുവെന്നാണ് എന്നോട് ഉന്നതനായ പോലിസ് ഉദ്യോഗസ്ഥന്‍മാര്‍ പറഞ്ഞിരിക്കുന്നത്- ഇതായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍. പ്രസ്താവന സ്ത്രീ വിരുദ്ധമെന്നു വിമര്‍ശനമുയര്‍ന്നതോടെ അതേ വേദിയില്‍ വച്ചുതന്നെ ഇക്കാര്യത്തിലുള്ള ഖേദപ്രകടനവും മുല്ലപ്പള്ളി നടത്തിയിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.