കുഞ്ഞിനായി അനുപമ പ്രത്യക്ഷ സമരത്തിന്; ഇന്ന് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം
തിരുവനന്തപുരം: നവജാത ശിശുവിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ പരാതിക്കാരിയായ മാതാവ് അനുപമ പ്രത്യക്ഷ സമരത്തിലേക്ക്. ഇന്ന് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് മുന്‍ എസ്എഫ്‌ഐ നേതാവ് കൂടിയായ അനുപമയും ഭര്‍ത്താവ് അജിത്തും വ്യക്തമാക്കി. കുഞ്ഞിനെ തിരികെ ലഭിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം. വനിതാ കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ വ്യക്തമാക്കി. കുട്ടിയെ നഷ്ടമായെന്ന് പരാതി നല്‍കിയിട്ടും പോലിസിന്റെ ഭാഗത്തുനിന്നടക്കം വീഴ്ച തുടരുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധ സമരത്തിലേക്ക് പോവുന്നതെന്ന് അവര്‍ പറഞ്ഞു.
സംഭവത്തില്‍ കേസെടുത്ത വനിതാ കമ്മീഷന്‍ സംസ്ഥാന പോലിസ് മേധാവിയോട് അടിയന്തര റിപോര്‍ട്ട് തേടിയിരുന്നു. എന്നാല്‍, തുടര്‍നടപടികളൊന്നുമുണ്ടായില്ല. അനുപമയുടെ കുട്ടിയെ ഉപേക്ഷിച്ചതായി പറയുന്ന ദിവസം ആണ്‍കുട്ടിയെ ലഭിച്ചതായി ശിശുക്ഷേമ സമിതി പോലിസിന് മറുപടി നല്‍കിയിരുന്നു. മറ്റ് വിവരങ്ങള്‍ ലഭ്യമല്ലെന്നും വിശദീകരണം നല്‍കി. ഈ സാഹചര്യത്തിലാണ് ദത്ത് നല്‍കിയതിന്റെ വിശദാംശങ്ങള്‍ തേടി സ്‌റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിക്ക് പോലിസ് കത്ത് നല്‍കിയത്. വേഗത്തില്‍ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ പ്രതികളായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത ഉള്‍പ്പെടെയുള്ള ആറുപേരെ രണ്ടുദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യും. ഇതിനായി ഉടന്‍ നോട്ടീസ് നല്‍കാനാണ് പോലിസ് ആലോചിക്കുന്നത്. പോലിസ് അന്വേഷണത്തിനെതിരേ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പേരൂര്‍ക്കട സിഐയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നല്‍കിയിരിക്കുകയാണ്. സിപിഎം നേതാവായ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ അന്വേഷണം തടസ്സപ്പെടുന്നുവെന്നാണ് അനുപമ ആരോപിക്കുന്നത്.