കല്‍പറ്റ: പ്രവാസി വ്യവസായ പ്രമുഖന്‍ ജോയ് അറയ്ക്കലിന്റെ മരണംസംബന്ധിച്ച് കമ്പനിയിലെ പ്രൊജക്റ്റ് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോയിയുടെ ഭാര്യ സെലിന്‍, മകന്‍ അരുണ്‍ എന്നിവര്‍ ബര്‍ദുബയ് പോലിസില്‍ പരാതി നല്‍കി. ഹംറിയ ഫ്രീസോണില്‍ ജോയ് സ്ഥാപിക്കുന്ന ഇന്നോവ ഗ്രൂപ്പ് പദ്ധതിയുടെ പ്രൊജക്റ്റ് ഡയറക്ടറുടെ കുറ്റപ്പെടുത്തലില്‍ മനംനൊന്താണ് ജോയ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി.
കനേഡിയന്‍ പൗരത്വമുള്ള ലബനന്‍ സ്വദേശി റാബി കരാനിബിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. ഏറെ പ്രത്യേകതകളുള്ള റിഫൈനറിയാണ് ഹംറിയ ഫ്രീസോണില്‍ കമ്പനി സ്ഥാപിക്കുന്നത്. ജോയിയുടെ സ്വപ്നപദ്ധതിയുമായിരുന്നു ഇത്. യുഎഇയില്‍ തന്നെ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ സംരംഭമാണിത്. പെട്രോളിയത്തിന്റെ ഉപോല്‍പ്പന്നമായി അവസാനം ജലം തന്നെ ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയാണിത്. 220 ദശലക്ഷം ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന പദ്ധതി ആറു വര്‍ഷം മുമ്പാണ് ആരംഭിച്ചത്. ഇതിന്റെ പ്രൊജക്ട് ഡയറക്ടറെ ജോയ് തന്നെയാണ് നിയമിച്ചത്. നൂറു കോടി ദിര്‍ഹം വിറ്റുവരവുള്ള ഇന്നോവ ഗ്രൂപ്പിനെ സംബന്ധിച്ച് ഈ പദ്ധതി പൂര്‍ത്തിയായാല്‍ കമ്പനി മാത്രമല്ല ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ജോയ് തന്നെ മറ്റൊരു തലത്തിലേക്കു വളരുമായിരുന്നു.