അക്ഷരത്തെ നെഞ്ചോട് ചേര്‍ത്ത് ആസിമിന്റെ സഹനസമരയാത്ര; കണ്ണു തുറക്കാതെ സര്‍ക്കാര്‍

സര്‍ക്കാര്‍ കണ്ണുതുറന്നില്ലെങ്കില്‍ മരണം വരെ നിരഹാരം ആരംഭിക്കുമെന്ന് ആസിം.ഫെബ്രുവരി 15 ന് വെളിമണ്ണയിലെ താന്‍ പഠിച്ച സ്‌കൂളിന്റെ മുറ്റത്ത് നിന്നാണ് ആസിം വീല്‍ ചെയറില്‍ പിതാവ് മുഹമ്മദ് ഷഹീദ്, ഹാലിസ് രാജ്,സല്‍ത്താജ് അഹമ്മദ് എന്നിവരടക്കമുള്ള സംഘത്തിനൊപ്പം യാത്ര ആരംഭിച്ചത്്.ഏപ്രില്‍ ഒന്നിന് തിരുവനന്തപുരത്തെത്തും

Update: 2019-03-09 12:04 GMT

കൊച്ചി : ജന്മനാ രണ്ടു കൈകള്‍ ഇല്ലാത്തതും കാലുകള്‍ക്ക് ബലക്ഷയമുളളതുമായ ആസിം വെളിമെണ്ണ തുടര്‍ പഠനത്തിന് പിന്തുണ തേടി സഹനയാത്രയുവുമായി ഇറങ്ങിയിട്ടും സര്‍ക്കാരിന് കുലുക്കമില്ല. സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ മരണംവരെ നിരാഹാരം കിടക്കുമെന്ന് ആസിം വെൡണ്ണ. ഏഴാക്ലാസുവരെ ആസിം പഠിച്ചിരുന്ന കോഴിക്കോട് വെളിമണ്ണ സര്‍ക്കാര്‍ യുപി സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ആസിം സഹന സമരയാത്രയുമായി ഇറങ്ങിയിരിക്കുന്നത്.ഫെബ്രുവരി 15 ന് വെളിമണ്ണയിലെ താന്‍ പഠിച്ച സ്‌കൂളിന്റെ മുറ്റത്ത് നിന്നാണ് ആസിം വീല്‍ ചെയറില്‍ പിതാവ് മുഹമ്മദ് ഷഹീദ്, ഹാലിസ് രാജ്,സല്‍ത്താജ് അഹമ്മദ് എന്നിവരടക്കമുള്ള സംഘത്തിനൊപ്പം യാത്ര ആരംഭിച്ചത്. 450 കിലോമീറ്റര്‍ യാത്ര ചെയ്ത് ഏപ്രില്‍ ഒന്നിന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ ഒരിക്കല്‍ കൂടി കണ്ട് തന്റെ പഠനം മുടങ്ങാതിരിക്കാന്‍ താന്‍ ഏഴാംക്ലാസ് വരെ പഠിച്ച വെളിമണ്ണ സര്‍ക്കാര്‍ യുപി സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടാനാണ് ആസിം തീരുമാനിച്ചിരിക്കുന്നത്.

ആദ്യം മുഖ്യമന്ത്രിയെ സമീപിച്ചപ്പോള്‍ എല്ലാ ശരിയാക്കാമെന്ന് അദ്ദേഹം പറഞ്ഞതാണ്.എന്നാല്‍ പിന്നീട് ഈ തീരുമാനം അദ്ദേഹം മാറ്റുകയായിരുന്നുവെന്ന് ആസിം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മുഖ്യമന്ത്രിയുടെ മനംമാറ്റം തനിക്ക് വലിയ വേദനയാണ് നല്‍കിയത്.ശാരീരിക പരിമിതികള്‍ മൂലം തനിക്ക് മറ്റൊരിടത്തു പോയി പഠിക്കാന്‍ സാധിക്കാത്തതിനാലാണ് നിലവില്‍ താന്‍ ഏഴാം ക്ലാസ് വരെ പഠിച്ച വെളിമണ്ണ സര്‍ക്കാര്‍ യുപി സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന്് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചത്.തനിക്ക് മാത്രമല്ല തന്റെ ദേശത്തെ മുഴുവന്‍ കുട്ടികള്‍ക്കും കൂടി വേണ്ടിയാണ് താന്‍ ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ആദ്യം അനൂകൂല നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിന്നീട് എന്തോ തെറ്റിദ്ധാരണയുടെ പുറത്താണ് നിലപാട് മാറ്റിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. സര്‍ക്കാര്‍ കൈയൊഴിഞ്ഞതോടെയാണ് നിതീ തേടി ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി അനൂകുലമായി വിധിച്ചു. പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സര്‍ക്കാര്‍ ഇതിനെതിരെ അപ്പീല്‍ പോയി. എന്തിനാണ് സര്‍ക്കാര്‍ അങ്ങനെ ചെയ്തതെന്ന് തനിക്ക് ഇന്നും അറിയില്ല.മറ്റെല്ലാ വഴികളും അടഞ്ഞതോടെയാണ് തന്റെ പഠനം മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ കണ്ണു തുറക്കണമെന്നാവശ്യപ്പെട്ട് ഈ സഹന സമരയാത്രയുമായി ഇറങ്ങിയിരിക്കുന്നത്.ഫേസ് ബൂക്കിലൂടെ പരിചയപ്പട്ടതാണ് തന്റെ ജാഥയക്ക് നേതൃത്വം നല്‍കുന്ന ഹാലിസ് രാജിനെ. അദ്ദേഹത്തോട് താന്‍ ഇങ്ങനെയൊരു യാത്ര നടത്തുന്ന കാര്യം പറഞ്ഞപ്പോള്‍ സര്‍വ പിന്തുണയുമായി ഒപ്പം വരികയായിരുന്നുവെന്നും ആസിം പറഞ്ഞു.തന്റെ യാത്രയില്‍ ഉടനീളം വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്നും ആസിം പറഞ്ഞു.യാത്ര തിരുവനന്തപുരത്തെത്തുന്നതിന് മുമ്പായി തന്നെ സര്‍ക്കാര്‍ കണ്ണു തുറക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. അതല്ല സര്‍ക്കാര്‍ പഴയ നിലപാടു തന്നെയാണെങ്കില്‍ മരണം വരെ താന്‍ നിരാഹാരം കിടക്കുമെന്നും ആസിം പറഞ്ഞു.

ദിവസവും 15 കിലോമീറ്റര്‍ വീതമാണ് ആസിം യാത്ര ചെയ്യുന്നത്.രാവിലെ ഏഴു മുതല്‍ 10 വരെയും വൈകുന്നേരം നാലു മുതല്‍ ഏഴു വരെയും.തങ്ങള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും തനിക്ക് പഠിക്കണമെന്നും തന്നെപ്പോലെ ബുദ്ധിമുട്ട് നേരിടുന്ന എല്ലാ കുട്ടികള്‍ക്കൂം കൂടി വേണ്ടിയിട്ടാണ് ഈ യാത്രയെന്നുമാണ് ആസിം പറഞ്ഞതെന്ന് പിതാവ് മുഹമ്മദ് ഷഹീദ് പറഞ്ഞു.ആസിമിന്റെ ശാരിരികമായ ബുദ്ധിമുട്ടുകള്‍ മൂലം മൂന്നാം ക്ലാസുവരെ സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. വീട്ടിലെത്തിയ ഏതാനും അധ്യാപകരാണ് ആസിമിന്റെ കഴിവ് തിരിച്ചറിഞ്ഞ് ആസിമിന് പൊതുവിദ്യാലയത്തില്‍ പഠിക്കാന്‍ അവസരമൊരുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ഒട്ടേറെ ബൂദ്ധിമുട്ടൂകള്‍ സഹിച്ച് ആസിമിനെ വെളിമണ്ണ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കുന്നത്് അന്ന് എല്‍പിസ്‌കൂളായിരുന്നു.മറ്റൊരു സ്‌കൂളില്‍ പോയി പഠിക്കാനുള്ള ബുദ്ധിമുട്ടു കാരണം. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് സ്കൂള്‍ യൂപി സ്‌കൂളായി ഉയര്‍ത്തി ആസിമിന് തുടര്‍ന്ന് പഠിക്കാനുള്ള അവസരം ഒരുക്കി നല്‍കി. അങ്ങനെയാണ് ഏഴാം ക്ലാസുവരെ ആസിമിന് പഠിക്കാന്‍ കഴിഞ്ഞത്.

എന്നാല്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന ആസിമിന്റെ അഭ്യര്‍ഥനയക്ക് നേരെ ഈ സര്‍ക്കാര്‍ കണ്ണടച്ചു നില്‍ക്കുകയാണ്. ആസിം ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു. സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ വൈകുന്തോറും ആസിമിന്റെ വര്‍ഷം നഷ്ടപ്പെടുകയാണ്.ഹൈസ്‌കൂളാക്കി ഉയര്‍ത്താന്‍ ഒരു നാടും അവിടുത്തെ തദ്ദേശ സ്ഥാപനങ്ങളും ആസിമിനൊപ്പം നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ മാത്രമെന്തിനാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്ന്് അറിയില്ലെന്ന് ആസിമിനൊപ്പം യാത്രയില്‍ പങ്കെടുക്കുന്ന സര്‍ത്താജ് അഹമ്മദ് പറഞ്ഞു. മാനേജ്‌മെന്റു സ്‌കൂളാണിതെന്ന് പറഞ്ഞു വന്‍ തോതില്‍ പ്രചരണം നടന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളാണിത്.ഇത് മറച്ചു വെച്ചാണ് പ്രചരണം നടത്തിയത്.തദ്ദേശ സ്ഥാപനങ്ങള്‍ വരെ ആസിമിന് അനൂകൂലമായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.ഇതെല്ലാം വിലയിരുത്തിയാണ് ഹൈക്കോടതി അനുകൂലമായ ഉത്തരവിട്ടത്. എന്നാല്‍ ആദ്യം അനുകൂല നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ പിന്നട് നിലപാടു മാറ്റുകയായിരുന്നു.

നിലവില്‍ വെളിമണ്ണ സര്‍ക്കാര്‍ യുപി സ്‌കൂളിലേക്ക് ആസിമിന്റെ വീട്ടില്‍ നിന്നും 200 മീറ്റര്‍ ദൂരം മാത്രമാണുള്ളത്. പിന്നെയുള്ള സ്‌കൂള്‍ ആറു കിലോമീറ്ററിനപ്പുറമാണ്. അവിടേയക്ക് ആസിമിന് ശാരീരീക ബുദ്ധമുട്ടുകളുമായി ദിവസവും പോയി പഠിക്കാന്‍ പറ്റാത്ത സാഹചര്യമായതുകൊണ്ടും ഇവിടെ മറ്റൊരു സര്‍ക്കാര്‍ സ്‌കൂളില്ലാത്തതിനാലുമാണ് ഈ സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന് തങ്ങള്‍ അഭ്യര്‍ഥിക്കുന്നത്.നിലവില്‍ 500 ലധികം കുട്ടികള്‍ ഇപ്പോള്‍ തന്നെ ഇവിടെ പഠിക്കുന്നൂണ്ട്. ഹൈസ്‌കൂള്‍ ആക്കി ഉയര്‍ത്തിയാല്‍ 2000 ത്തോളം കുട്ടികള്‍ ഇവിടെ പഠിക്കാനുണ്ടാകുമെന്നും സര്‍ത്താജ് അഹമ്മദ് പറഞ്ഞു.ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിന്‍വലിച്ചാല്‍ മാത്രമെ ഇത് സാധ്യമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

പരസഹായമില്ലാതെ ജിവിക്കാന്‍ കഴിയാത്ത ആസിമിന്റെ ആവശ്യത്തിനെതിരെ സര്‍ക്കാര്‍ എന്തിനാണ് വിലങ്ങുതടിയായി നില്‍ക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ടി എ മുജീബ് റഹാമാന്‍ പറഞ്ഞു.ആസിമിന്റെ അവസ്ഥ മനസിലാക്കിയാണ് ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും മറ്റും അനുകൂലമായ നിലപാടെടുത്തത്്. എന്നാല്‍ കേവലം 13 വയസ് മാത്രം പ്രായമുള്ള ബാലനോട് സര്‍ക്കാര്‍ യുദ്ധ പ്രഖ്യാപനം നടത്തുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാര്‍ കരുണ കാട്ടുമെന്ന പ്രതീക്ഷയില്‍ ആസിം യാത്ര തുടരുകയാണ്.


Tags:    

Similar News