ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍

Update: 2021-09-29 05:00 GMT

ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയിലായി. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പിടിയിലായത്. സംഭവം നടന്ന് ഒരാഴ്ചയ്ക്കുശേഷം കൊല്ലത്തുനിന്നാണ് പ്രതികളെ പോലിസ് പിടികൂടിയത്. സ്ഥിരം മാലമോഷണ കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പോലിസ് പറഞ്ഞു.

കൊവിഡ് ഡ്യൂട്ടി കഴിഞ്ഞുമടങ്ങിയ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിനെ തൃക്കുന്നപ്പുഴയില്‍വച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം തട്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയെ അടിച്ചുവീഴ്ത്തിയതിന് പിന്നാലെ സ്വര്‍ണാഭരണങ്ങള്‍ കവരാനായിരുന്നു ആദ്യശ്രമം. പിന്നാലെ തട്ടിക്കൊണ്ടുപോവാനും ശ്രമിച്ചു. സംഭവ സ്ഥലത്തെത്തിയ തൃക്കുന്നപ്പുഴ പോലിസിന്റെ പട്രോളിങ് സംഘത്തെ കണ്ട് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തുനിന്ന് ലഭിച്ച അവ്യക്തമായ സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

Tags:    

Similar News