പള്ളി ഇമാമിന് നേരെ ആക്രമണം: മൂന്നുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല
റിയാസ് മൗലവിയുടെ കൊലപാതകത്തിന്റെ രണ്ട് വര്‍ഷം തികയുന്ന ദിവസം തന്നെയാണ് ഇമാമിനെ നേരെയും ആക്രമണമുണ്ടായത്. സ്ഥലത്തും പരിസരത്തുമുള്ള 50 ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയും മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും മറ്റും ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ തിരിച്ചറിയുന്നതിലേക്കുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: കാസര്‍കോഡ് നെല്ലിക്കുന്നിൽ പള്ളി ഇമാമിന് നേരെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് ആക്രമണം നടത്തി മൂന്നുമാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാവാതെ പോലിസ് ഇരുട്ടിൽ തപ്പുന്നു. പ്രതികളെ തിരിച്ചറിയാൻ ശ്രമം തുടരുകയാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
നെല്ലിക്കുന്ന് നൂര്‍ മസ്ജിദ് ഇമാം സുള്ള്യ സ്വദേശി അബ്ദുല്‍ നാസര്‍ സഖാഫി (26)യെയാണ് ഒരുസംഘം ആക്രമിച്ചത്. കഴിഞ്ഞ മാർച്ച് 21 വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ കാന്‍റീനില്‍നിന്നും ഭക്ഷണം കഴിച്ച് തിരികെ വരുന്നസമയം പിന്നില്‍നിന്നും ആക്രമിക്കുകയും താഴെവീണ അദ്ദേഹത്തിന്‍റെ മുഖത്ത് മുളകുപൊടി വിതറുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇമാം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിൽസ തേടിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ വഴിയരികില്‍ വീണ ഇമാമിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
സംഭവത്തിൽ കാസര്‍ഗോഡ് പോലിസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിൽ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഈ വിഷയത്തിൽ എന്‍ എ നെല്ലിക്കുന്നിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സ്ഥലത്തും പരിസരത്തുമുള്ള 50 ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയും മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും മറ്റും ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ തിരിച്ചറിയുന്നതിലേക്കുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്. ഗൗരവമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസന്വേഷണം അട്ടിമറിക്കാൻ ബാഹ്യ ഇടപെടലുകൾ ഉണ്ടായതായും പോലിസ് അലംഭാവം കാട്ടുന്നതായും നേരത്തെ ആരോപണം ഉയർന്നിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇമാമിനെ വിളിച്ചുവെന്ന് പറയുന്ന സിം കാർഡ് ഉടമയെ കസ്റ്റഡിയിൽ എടുത്തതല്ലാതെ കേസിൽ മറ്റ് പുരോഗതിയൊന്നുമില്ല. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന സൂചനയും പുറത്തുവന്നെങ്കിലും ആ നിലയ്ക്കും കാര്യമായ അന്വേഷണം നടന്നിട്ടുമില്ല.
കാസർകോഡ് റിയാസ് മൗലവിയുടെ കൊലപാതകത്തിന്റെ രണ്ട് വര്‍ഷം തികയുന്ന ദിവസം തന്നെയാണ് ഇമാമിനെ നേരെയും ആക്രമണമുണ്ടായത്. 2017 മാര്‍ച്ച് 21ന് രാത്രിയാണ് പഴയ ചൂരിയിലെ മദ്‌റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസിനെ പള്ളിക്കകത്തുെവച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കഴുത്തറുത്തു കൊലപ്പെടുത്തിയത്.