ഷോപ്പിങ് മാളില്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവം: പ്രതികളോട് ക്ഷമിച്ചെന്ന് യുവനടി

.തന്നെ സഹായിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത മാധ്യമങ്ങളോടും പോലിസിനോടും നടി നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Update: 2020-12-20 19:19 GMT

കൊച്ചി: ഷോപ്പിങ് മാളില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചവരോട് ക്ഷമിച്ചെന്ന് യുവനടി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികളുടെ മാപ്പപേക്ഷ സ്വീകരിക്കുന്നതായും ഇനി ഈ കേസുമായി മുന്നോട്ടുപോവുന്നതിന് താത്പര്യമില്ലെന്നും നടി വ്യക്തമാക്കി. തന്നെ സഹായിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത മാധ്യമങ്ങളോടും പോലിസിനോടും തന്റെ കുടുംബത്തോടും നടി ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

നിങ്ങളുടെ വാക്കുകള്‍ എനിക്കും എന്റെ കുടുംബത്തിനും ശക്തി പകര്‍ന്നു. കൂടാതെ മറ്റ് രണ്ട് കുടുംബങ്ങളും ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നുപോവുന്നുണ്ടെന്ന് തനിക്കറിയാം. എന്നോടൊപ്പം പലരും അവരുടെ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കിട്ടിട്ടുണ്ടെന്നും നടി ചൂണ്ടിക്കാട്ടി. കേസിലെ പ്രതികളെ പോലിസ് അറസ്റ്റുചെയ്തതിനു പിന്നാലെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

ഞായറാഴ്ച വൈകീട്ട് കളമശേരിയില്‍ വച്ചാണ് പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍, ഇര്‍ഷാദ് എന്നിവരെ പോലിസ് അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി ചോദ്യം ചെയ്തുവരികയാണ്. ഞായറാഴ്ച രാവിലെയാണ് തങ്ങള്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പരിചയപ്പെടാനാണ് ശ്രമിച്ചതെന്നും മാപ്പ് പറയുന്നതായും ചൂണ്ടിക്കാട്ടി യുവാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ പോലിസില്‍ കീഴടങ്ങാന്‍ പോവുന്നതിനിടെയാണ് പോലിസ് വാഹനം തടഞ്ഞ് അറസ്റ്റുചെയ്തത്.

Tags:    

Similar News