കാല്‍നടയായി നാട്ടിലേക്ക്; തമിഴ്നാട് സ്വദേശികള്‍ പിടിയില്‍
തിരൂരിനടുത്തെ വൈലത്തൂരില്‍ താമസസ്ഥലത്ത് നിന്നാണ് വരുന്നതെന്നും കോയമ്പത്തൂരിലേക്ക് നടന്ന് പോവുകയാണെന്നും ഇവര്‍ പോലിസിനോട് പറഞ്ഞു.
മലപ്പുറം: കാല്‍നടയായി നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച 13 തമിഴ്‌നാട് സ്വദേശികളെ മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ പോലിസ് തടഞ്ഞു. ഇവര്‍ കോയമ്പത്തൂരിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പോലിസിന്റെ കണ്ണില്‍പ്പെട്ടത്. സേലം സ്വദേശികളായ ഇവരെ രാത്രി 12 ഓടെ മലപ്പുറം ജില്ലാ അതിര്‍ത്തിയിലെ കൊടുമുടിയില്‍ വെച്ചാണ് പൊലിസ് തടഞ്ഞത്.
തിരൂരിനടുത്തെ വൈലത്തൂരില്‍ താമസസ്ഥലത്ത് നിന്നാണ് വരുന്നതെന്നും കോയമ്പത്തൂരിലേക്ക് നടന്ന് പോവുകയാണെന്നും ഇവര്‍ പോലിസിനോട് പറഞ്ഞു. കോയമ്പത്തൂരിലെത്തിയാല്‍ നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് ഇവര്‍ കാല്‍നട യാത്ര ആരംഭിച്ചത്. ആറ് സ്ത്രീകളും ഏഴ് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍ പോലിസ് ഇവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി നടന്ന് ക്ഷീണിച്ച ഇവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കി മൂന്ന് പോലിസ് വാഹനങ്ങളിലായി ഇവരെ വൈലത്തൂരിലെ താമസസ്ഥലത്ത് തിരിച്ചെത്തിച്ചു.