ക്ഷേത്രത്തില്‍ തടയേണ്ടത് അവിശ്വാസികളെ; മന്‍സിയയെ നൃത്തമവതരിപ്പിക്കാന്‍ അനുവദിക്കണം: ബി ഗോപാലകൃഷ്ണന്‍
മന്‍സിയക്ക് ഭരതനാട്യം അവതരിപ്പിക്കാന്‍ അനുമതി നല്‍കണം. അവര്‍ ക്ഷേത്ര വിശ്വാസിയാണൊ അല്ലയോ എന്നതാണ് പരിശോധിക്കേണ്ടത് അല്ലാതെ ഹിന്ദു ആണോ അഹിന്ദു ആണോ എന്നല്ല
തൃശ്ശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മന്‍സിയ എന്ന അഹിന്ദു യുവതിക്ക് ഭരതനാട്യം കളിക്കാന്‍ അനുമതി നിഷേധിച്ച ദേവസ്വം ബോര്‍ഡിന്റെ തീരുമാനം അപലപനീയമാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. അഹിന്ദുക്കളെയല്ല ക്ഷേത്ര അവിശ്വാസികളെയാണ് ക്ഷേത്രത്തില്‍ തടയേണ്ടതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
മന്‍സിയക്ക് ഭരതനാട്യം അവതരിപ്പിക്കാന്‍ അനുമതി നല്‍കണം. അവര്‍ ക്ഷേത്ര വിശ്വാസിയാണൊ അല്ലയോ എന്നതാണ് പരിശോധിക്കേണ്ടത് അല്ലാതെ ഹിന്ദു ആണോ അഹിന്ദു ആണോ എന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലന്ന ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ക്ഷേത്ര വിരുദ്ധമാണ്. യേശുദാസിനെ പോലെയുള്ള ക്ഷേത്ര വിശ്വാസികളെ അഹിന്ദു എന്ന് പറഞ്ഞ് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത് അപരിഷ്‌കൃത സമീപനമാണ്. ക്ഷേത്ര ആ ചാരത്തെ എതിര്‍ക്കുന്നവര്‍ ഭരിക്കുമ്പോള്‍ ക്ഷേത്ര വിശ്വാസികളെ അഹിന്ദുക്കളെന്ന് മുദ്രകുത്തി അപമാനിച്ച് കലകള്‍ അവതരിപ്പിക്കാന്‍ അനുവദിക്കാത്തത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.