സംഘപരിവാര്‍ മുഖ്യമന്ത്രിയാണോ കേരളം ഭരിക്കുന്നത് : ബെന്നി ബഹനാന്‍ എംപി

ഇന്ത്യന്‍ രാഷ്ട്രീയ ചിന്തയിലെ മുഖ്യധാരകള്‍ പരിചയപ്പെടുത്തേണ്ടതിന് പകരം ആര്‍എസ്എസ് താല്‍പര്യങ്ങള്‍ അമിതാവേശത്തോടെ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദുത്വ ദേശീയവാദം പഠിപ്പിക്കാന്‍ അഞ്ച് പുസ്തകങ്ങളാണ് സര്‍വകലാശാല ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ഇത് സാധ്യമല്ല

Update: 2021-09-10 11:22 GMT

കൊച്ചി: കേരളം ഭരിക്കുന്നത് സംഘപരിവാര്‍ മുഖ്യമന്ത്രിയാണോയെന്ന് ബെന്നി ബഹനാന്‍ എംപി.കേരളത്തില്‍ സംഘപരിവാറിന് ഒരു മുഖ്യമന്ത്രി ഉണ്ടായിരിക്കുന്നു എന്നതിന് തെളിവാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍എസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ സിലബസിന്റെ ഭാഗമാക്കിയതെന്നും മുന്‍ യുഡിഎഫ് കണ്‍വീനര്‍ കൂടിയായിരുന്ന ബെന്നി ബഹനാന്‍ എംപി ആരോപിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ ചിന്തയിലെ മുഖ്യധാരകള്‍ പരിചയപ്പെടുത്തേണ്ടതിന് പകരം ആര്‍എസ്എസ് താല്‍പര്യങ്ങള്‍ അമിതാവേശത്തോടെ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്.

ഹിന്ദുത്വ ദേശീയവാദം പഠിപ്പിക്കാന്‍ അഞ്ച് പുസ്തകങ്ങളാണ് സര്‍വകലാശാല ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ഇത് സാധ്യമല്ല. മുഖ്യമന്ത്രി പിണറായി വിജയന് ആര്‍ എസ് എസുമായും ബി ജെ പി ദേശീയ നേതാക്കളുമായുമുള്ള അവിശുദ്ധ ബന്ധം ഇതിന് പിന്നില്‍ ഉണ്ടോയെന്ന് സംശയിക്കപ്പെടണമെന്നും ബെന്നി ബഹനാന്‍ എം പി വ്യക്തമാക്കി.സംഘപരിവാര്‍ ആശയങ്ങളും അജണ്ടകളും ബി ജെ പിയേക്കാള്‍ ആവേശത്തോടെ നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറി. മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രകള്‍ക്ക് ഇതുമായി ബന്ധമുണ്ടോ എന്നന്വേഷിക്കണം. സംഘപരിവാര്‍ താല്‍്പര്യത്തിനും ഹിന്ദുത്വ വൈകാരികാഭിമുഖ്യത്തിനും പാഠപുസ്തകത്തില്‍ അമിത പ്രാധാന്യം നല്‍കുന്നത് ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ബെന്നി ബഹനാന്‍ എംപി ആരോപിച്ചു.

വേണ്ടത്ര നിര്‍ദേശങ്ങള്‍ ക്ഷണിച്ചോ ശില്‍പശാല നടത്തിയോ വിദഗ്ധാഭിപ്രായം തേടിയ ശേഷമോ അല്ല പാഠപുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയത് എന്നത് ഇതിനു പിന്നിലെ രാഷ്ട്രീയ അജണ്ടയ്ക്ക് തെളിവാണ്. ജവഹര്‍ലാല്‍ നെഹ്രുവിനെയു അബുള്‍ കലാം അസദിനെയുമൊക്കെ മാറ്റി നിര്‍ത്തി സവര്‍ക്കര്‍ ആദരിക്കുന്ന അതേ ജീര്‍ണ മനസാണ് പിണറായി വിജയനും പിന്തുടരുന്നത്. കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാലയിലല്ല മറിച്ച് പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തിലെ സര്‍വകലാശാലയാണ് ഇതിനു കോട്ട നില്‍ക്കുന്നത് എന്നത് നടുക്കമുളവാക്കുന്നതാണെന്നും ബെന്നി ബഹനാന്‍ എംപി വ്യക്തമാക്കി.

അക്കാദമിക രംഗത്തും അധിനിവേശം നടത്താനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് കൂട്ട നില്‍ക്കുന്ന പിണറായി സര്‍ക്കാരിന്റെ മുഖം മൂടി കൂടുതല്‍ വ്യക്തമാവുകയാണ്. കണ്ണൂര്‍ സര്‍വകലാശാല വി സിയും ബോര്‍ഡ് ഓഫ് സ്റ്റഡീസും സിന്‍ഡിക്കേറ്റും രാജിവച്ചൊഴിയണം. ഇല്ലെങ്കില്‍ അവരെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം. ആപത്തിലേക്കുള്ള വാതിലുകളാണ് പിണറായി വിജയന്‍ തുറന്ന് നല്‍കുന്നതെന്നും സംഘപരിവാര്‍ അനുകൂല തീരുമാനങ്ങളില്‍ നിന്ന് പിന്മാറാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ബെന്നി ബഹനാന്‍ എം പി ആവശ്യപ്പെട്ടു.

Tags:    

Similar News