പരിമിതികളെ അതിജീവിച്ച് അബ്ദുള്‍ നിസാര്‍ മികച്ച സര്‍ക്കാര്‍ ജീവനക്കാരന്‍
സിവില്‍ സ്‌റ്റേഷനിലെ റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് അബ്ദുള്‍ നിസാറിന്. കേള്‍വി ശക്തി പൂര്‍ണമായും നഷ്ടപ്പെട്ട നിസാറിന്റെ സങ്കീര്‍ണ്ണ ജോലികളിലെ അനായാസ കൈകാര്യമാണ് അവാര്‍ഡിനര്‍ഹമാക്കിയത്
കൊച്ചി: ഭിന്നശേഷി വിഭാഗത്തില്‍ മികച്ച സര്‍ക്കാര്‍ ജീവനക്കാരനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് സിവില്‍ സ്‌റ്റേഷനിലെ റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് അബ്ദുള്‍ നിസാറിന്. കേള്‍വി ശക്തി പൂര്‍ണമായും നഷ്ടപ്പെട്ട നിസാറിന്റെ സങ്കീര്‍ണ്ണ ജോലികളിലെ അനായാസ കൈകാര്യമാണ് അവാര്‍ഡിനര്‍ഹമാക്കിയത്. കേള്‍വി ശക്തി കുറഞ്ഞവരുടെ വിഭാഗത്തിലാണ് 52 കാരനായ അബ്ദുള്‍ നിസാറിനെ തിരഞ്ഞെടുത്തത്.
1996 ലാണ് നിസാര്‍ റവന്യൂ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റായി ജോലിയില്‍ പ്രവേശിച്ചത്. 2008 ല്‍ ക്ലാര്‍ക്കായി. 65 ജീവനക്കാരുടെ ശമ്പളം, പ്രൊവിഡന്റ് ഫണ്ട് , മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ്, ടി എ ബില്ലുകള്‍, ഓഫീസിലെ കണ്ടിജന്റ് ബില്ലുകള്‍, ശമ്പള സര്‍ട്ടിഫിക്കറ്റ്, ശമ്പള റിക്കവറി എന്നിവ അടങ്ങിയ ഓഫീസിലെ ഏറ്റവും പ്രധാനപ്പെട്ട സെക്ഷന്‍ ആയ എ 2 സെക്ഷന്റെ ചുമതലയാണ് വഹിക്കുന്നത്. പരാതികള്‍ക്ക് ഇടനെല്‍കാതെയുള്ള പ്രവര്‍ത്തനമാണ് അബ്ദുള്‍ നിസാറിന്റേതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ബധിര ക്ഷേമ രംഗത്തും നിസാര്‍ മാതൃകാ പരമായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്.
ബധിര ക്ഷേമ രംഗത്തെ സംസ്ഥാനതല സംഘടനയായ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് ദി ഡഫ് ന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി 14 വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ഏറ്റവും മികച്ച സംഘടനയായി എകെഎഡി തിരഞ്ഞെടുക്കപ്പെട്ടു ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി സുബോധ് കാന്ത് സഹായില്‍ നിന്നും അവാര്‍ഡും ഏറ്റുവാങ്ങി. നിലവില്‍ ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ദി ഡഫ് ദേശീയ നിര്‍വാഹകസമിതി അംഗമായും സംഘടനകളുടെ കൂട്ടായ്മ നാഷണല്‍ ഫ്‌ലാറ്റ്‌ഫോം ഫോര്‍ റൈറ്റ്‌സ് ഓഫ് ദി ഡിസേബിള്‍സ് ന്റെ ദേശീയ സമിതി അംഗമായും പ്രവര്‍ത്തിക്കുന്നു. സ്‌റ്റേറ്റ് അഡ്വൈസറി ബോര്‍ഡ് ഓണ്‍ ഡിസബിലിറ്റീസ് അംഗം എ ഷണ്‍മുഖവുമായി ചേര്‍ന്ന് സംസ്ഥാനത്തെ ഭിന്നശേഷി നയത്തിന്റെ കരട് രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
ബധിരരായ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തൊഴില്‍പരമായ അറിവുകള്‍ നല്‍കുക ,ജോലിക്ക് സഹായിക്കുക , പരിശീലനം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ 2011 ല്‍ എംപ്ലോയീസ് ഫോറം കേരള എന്ന സംഘടന രൂപീകരിച്ചു. നിലവില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു.