ഇന്ത്യയിലെ ഏറ്റവും വലിയ പകര്‍ച്ചവ്യാധി ബിജെപി; രൂക്ഷവിമര്‍ശനവുമായി മമതാ ബാനര്‍ജി
രാജ്യത്തിന്റെ ഭാവി പ്രകാശപൂരിതമാവണമെങ്കില്‍ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പം സര്‍ക്കാരുകള്‍ നില്‍ക്കണം. ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ മാധ്യമങ്ങളെയും നേതാക്കളെയും യുപി പോലിസ് തടയുന്നത് എന്തിനാണ്.
കൊല്‍ക്കത്ത: ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥ്‌റസ് പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കുന്നതിനായി തെരുവിലിറങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ബിജെപിയെ കടന്നാക്രമിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ പകര്‍ച്ചവ്യാധിയാണ് ബിജെപിയെന്നായിരുന്നു മമതാ ബാനര്‍ജിയുടെ വിമര്‍ശനം. കൊവിഡ് ഒരു പകര്‍ച്ചവ്യാധിയാണ് അതിനേക്കാള്‍ വലിയ പകര്‍ച്ചവ്യാധിയാണ് ബിജെപിയെന്നും അവര്‍ കുറ്റപ്പെടുത്തി.
ഹാഥ്‌റസ് സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാറാലിക്കുശേഷമാണ് മമത ബിജെപിക്കെതിരേയും യോഗി സര്‍ക്കാരിനെതിരേയും ആഞ്ഞടിച്ചത്. ഉത്തര്‍പ്രദേശില്‍ ദലിതരെ ഇരുട്ടിലേക്ക് തള്ളിവിടുകയാണ്. രാജ്യത്തിന്റെ ഭാവി പ്രകാശപൂരിതമാവണമെങ്കില്‍ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പം സര്‍ക്കാരുകള്‍ നില്‍ക്കണം. ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ മാധ്യമങ്ങളെയും നേതാക്കളെയും യുപി പോലിസ് തടയുന്നത് എന്തിനാണ്.
തനിക്ക് ആ കുടുംബത്തെ കാണണമെങ്കില്‍ നാളെ സാധിക്കും. ഇന്ന് താന്‍ ഹിന്ദുവല്ല, ദലിതാണ്. പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുന്നത് തടയാന്‍ യുപി സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. 'ഞാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ബിജെപിക്ക് തൃപ്തിയാണ്. എന്നാല്‍, ഇന്ന് ഞാന്‍ ഒരു ദലിതനാണ്. കാരണം ഒരു ദലിത് കുടുംബം തകരുകയും ദുരിതമനുഭവിക്കുകയുമാണ്. ബിജെപിയുടെ കീഴില്‍ ദലിതര്‍ കടുത്ത അവഗണനയിലാണ്. അതിനാല്‍, കര്‍ഷകരും യുവാക്കളും പ്രതീക്ഷ നല്‍കുന്നു എല്ലാവരെയും ഞങ്ങള്‍ ഇരുട്ടില്‍നിന്ന് പുറത്തുകൊണ്ടുവരും.
ബിജെപി ഭരണം ഉടന്‍ അവസാനിക്കും. ബിജെപി ഒരു രാഷ്ട്രപതിഭരണമാണ് ലക്ഷ്യമിടുന്നത്. നമ്മുടെ ജനാധിപത്യത്തെ കൊല്ലുന്നതിനുമുമ്പ് അവരെ പുറത്താക്കേണ്ടതുണ്ടെന്ന് ബാനര്‍ജി അവകാശപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായ ശേഷം ആദ്യമായാണ് മമത വലിയ റാലിയില്‍ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച ഹാഥ്‌റസ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെയും യുപി പോലിസ് തടഞ്ഞിരുന്നു.