ബ്ലാക്ക് ഫംഗസ് ബാധിച്ച് തലയോടിന്റെ 75 % വും കേടുപറ്റിയ 30 കാരന് 3 ഡി റീകണ്‍സ്ട്രക്റ്റീവ് ശസ്ത്രക്രിയയിലൂടെ പുതുജീവന്‍
കൊച്ചി വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ ന്യൂറോസര്‍ജിക്കല്‍ സംഘമാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്.രാജ്യത്തെയും ഒരു പക്ഷേ ഏഷ്യയിലെത്തന്നെയും ഏറ്റവും വലിയ തലയോട്ടി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയായിരിക്കും ഇതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി
കൊച്ചി: ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂകോര്‍മൈകോസിസ് ബാധ മൂലം തലയോട്ടിയുടെ 75 ശതമാനവും കേടുപറ്റി ഗുരുതരാവസ്ഥയിലായ 30 വയസ്സുകാരന് 3ഡി റീകണ്‍സ്ട്രക്റ്റീവ് സര്‍ജറിയിലൂടെ പുതുജീവന്‍.കൊച്ചി വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ ന്യൂറോസര്‍ജിക്കല്‍ സംഘമാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്.രാജ്യത്തെയും ഒരു പക്ഷേ ഏഷ്യയിലെത്തന്നെയും ഏറ്റവും വലിയ തലയോട്ടി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയായിരിക്കും ഇതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കടുത്ത ഫംഗസ് ബാധ മൂലം മറ്റൊരു ആശുപത്രിയില്‍ രണ്ടു വര്‍ഷം മുന്‍പു തന്നെ തലയോട്ടിയില്‍ വലിയൊരു അസ്ഥിമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന രോഗിയിലാണ് ഇപ്പോള്‍ വീണ്ടും ശസ്ത്രക്രിയ നടന്നത്. ആദ്യശസ്ത്രക്രിയയ്ക്കു ശേഷവും ചികില്‍സ തുടരുകയും പിന്നീട് തലയോട്ടിയുടെ 75%വും നീക്കം ചെയ്യേണ്ടി വരികയും ചെയ്തതാണ് വെല്ലുവിളിയായത്.
ശ്വാസകോശത്തില്‍ മലിനജലം എത്തിയതുമൂലമുണ്ടായ അണുബാധ ന്യൂമോണിയ ആകുകയും പിന്നീട് തലയോട്ടിയില്‍ ഗുരുതരമായ ബ്ലാക്ക് ഫംഗസ് ബാധിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ഫംഗല്‍ ബാധയേറ്റ തലയോട്ടിയുടെ 75%വും രണ്ട് വര്‍ഷം മുന്‍പ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഇത്തരമൊരു വലിയ ശസ്ത്രക്രിയയിലൂടെ രോഗിയുടെ രൂപത്തിലും വ്യത്യാസം സംഭവിക്കുകയും കവചം നഷ്ടപ്പെട്ടതിലൂടെ തലച്ചോറിനുള്ള അതീവ ഗുരുതരമായ അപകടസാധ്യതത തുടരുകയും ചെയ്തു. രൂപമാറ്റം രോഗിയുടെ ആത്മവിശ്വാസത്തെയും സാമൂഹ്യജീവിതത്തെയും തകര്‍ക്കുന്നതുമായിരുന്നു. ഇതു കണക്കിലെടുത്ത് വിശദമായ ഒരു സൗന്ദര്യാത്മക പുനര്‍നിര്‍മാണം ലക്ഷ്യമിട്ടുള്ള ശസ്ത്രക്രിയയ്ക്കാണ് വിപിഎസ് ലേക്‌ഷോറിലെ ന്യൂറോസര്‍ജിക്കല്‍ സംഘം തയ്യാറെടുത്തത്. രോഗിയ്ക്ക് ഇണങ്ങുന്ന തരം ടൈറ്റാനിയം നിര്‍മിത തലയോട്ടി ഇംപ്ലാന്റ് ഉപയോഗിച്ചുള്ള അതീവസൂക്ഷ്മമായ ഒരു ത്രിഡി ശസ്ത്രക്രിയയാണ് നടന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജന്‍ ഡോ. അരുണ്‍ ഉമ്മന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റും ന്യൂറോസര്‍ജറി വിഭാഗം തലവനുമായ ഡോ. സുധീഷ് കരുണാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജന്‍ ഡോ. സി അനില്‍, കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജന്‍ ഡോ അജയ് കുമാര്‍, ചീഫ് ഓഫ് ന്യൂറോഅനസ്‌തേഷ്യ ഡോ. ഫ്രാന്‍സിസ് മണവാളന്‍, കണ്‍സള്‍ട്ടന്റ് അനസ്‌തേറ്റിസ്റ്റ് ഡോ. അനു എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളിയായി.അത്യപൂര്‍വമായ ഈ ശസ്ത്രക്രിയയുടെ തുടക്കത്തില്‍ കേടു വന്ന ഭാഗം പൂര്‍ണമായും തുറന്ന് ബാക്കികിടന്ന അസ്ഥിഖണ്ഡങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു. തുടര്‍ന്നാണ് ടൈറ്റാനിയം ഇംപ്ലാന്റ് വെച്ചു പിടിപ്പച്ചത്.ശസ്ത്രക്രിയയെത്തുടര്‍ന്ന് രോഗി അതിവേഗം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരികയാണെന്ന് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.