മൽസ്യത്തൊഴിലാളികൾക്ക് ആനുകൂല്യം നൽകാതിരിക്കാൻ ഇരു സർക്കാരുകളും മൽസരിക്കുന്നു: ടി എൻ പ്രതാപൻ എംപി
കേരളത്തിൽ മൽസ്യത്തൊഴിലാളികൾക്ക് വേണ്ടി മൽസ്യ ഫെഡ് രൂപീകരിച്ചു മൽസ്യത്തൊഴിലാളികൾക്ക് പെൻഷൻ ആനുകൂല്യം ഏർപ്പെടുത്തിയ ഏക രാഷ്ട്രീയപാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്
പരപ്പനങ്ങാടി: മൽസ്യത്തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മൽസരിക്കുകയാണെന്നു അഖിലേന്ത്യാ മൽസ്യത്തൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് ടി എൻ പ്രതാപൻ എംപി പറഞ്ഞു ."കടൽ കടലിന്റെ മക്കൾക്ക് "എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ടു പരപ്പനങ്ങാടിയിൽ നടന്ന മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ മൽസ്യത്തൊഴിലാളികൾക്ക് വേണ്ടി മൽസ്യ ഫെഡ് രൂപീകരിച്ചു മൽസ്യത്തൊഴിലാളികൾക്ക് പെൻഷൻ ആനുകൂല്യം ഏർപ്പെടുത്തിയ ഏക രാഷ്ട്രീയപാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്നും അതിന്റെ നേതാവ് ശ്രീ കെ കരുണാകരൻ ആണെന്നും പ്രതാപൻ ഓർമിപ്പിച്ചു.
കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ധീരജ് കൊലപാതകത്തിന്റെ പേരിൽ ഒറ്റതിരിഞ്ഞു ആക്രമിക്കുന്ന സിപിഎം നേതാക്കൾ ഷുഹൈബ്, ശരത് ലാൽ, കൃപേഷ് എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതക കേസിൽ പ്രതികളായ സിപിഎം നേതാക്കളെ രക്ഷപ്പെടുത്തുന്നതിനുവേണ്ടി ഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ചവരാണെന്നു ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ എ പി അനിൽകുമാർ എംഎൽഎ പറഞ്ഞു.
പാർട്ടിയിൽ ആര് കുത്തിത്തിരുപ്പു ഉണ്ടാക്കിയാലും അവർ പാർട്ടിക്ക് പുറത്താണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി അജയ്‌മോഹൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വിപി ഖാദർ അധ്യക്ഷം വഹിച്ചു. മൽസ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഓസ്റ്റിൻ ഗോമസ്, കെപിസിസി ജനറൽ സെക്രട്ടറി ജമീല ആലിപ്പറ്റ ,മുൻ കെപിസിസി സെക്രട്ടറി കെപി അബ്ദുൾമജീദ് ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി യു കെ അഭിലാഷ്, ഡിസിസി സെക്രട്ടറി അഡ്വ നസറുള്ള, വൈ പി ലത്തീഫ്, കെപി കോയസിദ്ദിഖ് തുടങ്ങിയവർ പ്രസംഗിച്ചു.