തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തികള്‍ പുനര്‍ നിര്‍ണയിക്കും : മന്ത്രി കെ രാജു
ഏഷ്യയിലെ തന്നെ പ്രധാന പക്ഷി സങ്കേതമായ കോതമംഗലം മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതത്തെ 1983 ല്‍ ഡോ. സലിം അലി പക്ഷി സങ്കേതമായി പ്രഖ്യാപിക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ കൂടി ഉള്‍പ്പെടുത്തി ആണ് നിലവില്‍ അതിര്‍ത്തി നിശ്ചയിച്ചിട്ടുള്ളത്
കൊച്ചി: കോതമംഗലം,തട്ടേക്കാട് ഡോ. സലിം അലി പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തികള്‍ പുനര്‍ നിര്‍ണയിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു നിയമ സഭയില്‍ വ്യക്തമാക്കി.ഇത് സംബന്ധിച്ച് ആന്റണി ജോണ്‍ എം എല്‍ എ യുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഏഷ്യയിലെ തന്നെ പ്രധാന പക്ഷി സങ്കേതമായ കോതമംഗലം മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതത്തെ 1983 ല്‍ ഡോ. സലിം അലി പക്ഷി സങ്കേതമായി പ്രഖ്യാപിക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ കൂടി ഉള്‍പ്പെടുത്തി ആണ് നിലവില്‍ അതിര്‍ത്തി നിശ്ചയിച്ചിട്ടുള്ളത്.
ഇത്തരത്തില്‍ പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തികള്‍ നിശ്ചയിച്ചതിനാല്‍ പഞ്ചായത്ത് ഓഫിസ്,വില്ലേജ് ഓഫിസ്,പോലിസ് സ്റ്റേഷന്‍,സ്‌കൂളുകള്‍, ആശുപത്രികള്‍,വിവിധ മത വിഭാഗത്തില്‍പ്പെട്ടവരുടെ 26 ഓളം ആരാധനാലയങ്ങള്‍,നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തിക്കുള്ളിലാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്ന കാര്യവും നിയമസഭയില്‍ ഉന്നയിച്ചു. ഇതുമൂലം കുട്ടമ്പുഴ,കീരംപാറ പഞ്ചായത്തുകളിലായി 9 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന ജനവാസ മേഖലയിലെ ഏകദേശം 12000 ഓളം വരുന്ന പ്രദേശ വാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തികള്‍ പുനര്‍ നിശ്ചയിക്കുന്നതിന് വേണ്ട അടിയന്തിര നടപടി സ്വീകരിക്കണമെന്നും എം എല്‍ എ നിയമസഭയില്‍ ആവശ്യപ്പെട്ടു.
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ വിജ്ഞാപന പ്രകാരം 9 സ്‌ക്വയര്‍ കിലോമീറ്റര്‍ ഏരിയ ജനവാസ കേന്ദ്രം പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തിയില്‍ വന്നിട്ടുണ്ടെന്നും,പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തിയില്‍ ജനവാസ മേഖലകള്‍ ഉള്‍പ്പെടുന്നതിനാല്‍ ആ ഭാഗങ്ങളില്‍ നിയമം നടപ്പിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും,ജനങ്ങളുടെ ആശങ്കകളും പരിഗണിച്ച് പ്രസ്തുത മേഖല ഒഴിവാക്കി അതിനു തുല്യമായ വന മേഖല മൂന്നാര്‍ വനം ഡിവിഷനില്‍ നിന്നും കൂട്ടി ചേര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി വനം വകുപ്പ് മന്ത്രി കെ രാജു നിയമസഭയില്‍ അറിയിച്ചു.