നിയമസഭാ സമ്മേളനം 29 മുതല്‍; നഗരസഭകള്‍ക്ക് ലോകബാങ്ക് സഹായം
പാലക്കാട് ജില്ലയിലെ ശൈവ വെള്ളാള (ചേരകുല വെള്ളാള, കാര്‍കാര്‍ത്ത വെള്ളാള, ചോഴിയ വെള്ളാള, പിള്ളൈ) സമുദായത്തെ സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
തിരുവനന്തപുരം: കേരള നിയമസഭാ സമ്മേളനം ജനുവരി 29 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനുവരി 30 മുതല്‍ സമ്മേളനം ചേരാനാണ് നേരത്തെ ഉദ്ദേശിച്ചിരുന്നത്.
പദ്ധതി ഫണ്ടിന് ഉപരിയായി കേരളത്തിലെ നഗരസഭകള്‍ക്ക് ലോകബാങ്ക് ധനസഹായം അനുവദിക്കാവുന്ന രീതിയില്‍ കേരള അര്‍ബന്‍ സര്‍വ്വീസ് ഡെലിവറി പ്രോജക്ടിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. 300 ദശലക്ഷം ഡോളര്‍ രണ്ട് ശതമാനം പരിശനിരക്കില്‍ 25 വര്‍ഷത്തെ കാലാവധിയില്‍ വായ്പ നല്‍കാന്‍ ലോകബാങ്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേരളത്തിലെ നഗരങ്ങള്‍ നേരിടുന്ന മാലിന്യ സംസ്കരണ പ്രശ്നം പരിഹരിക്കുന്നതിനും സിവറേജ് - സെപ്റ്റേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനും ശുചിത്വത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് അര്‍ബന്‍ സര്‍വ്വീസ് ഡെലിവറി പ്രോജക്ട് വിഭാവനം ചെയ്തിട്ടുള്ളത്.
പുതിയ തസ്തികകള്‍
ഇടുക്കി ജില്ലയില്‍ പുതുതായി ആരംഭിച്ച ശാന്തന്‍പാറ ഗവണ്‍മെന്‍റ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജില്‍ മൂന്ന് അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പില്‍ ക്ലാര്‍ക്കുമാരുടെ 44 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയര്‍ കേന്ദ്രത്തില്‍ (ഐസി ഫോസ്) അസോസിയേറ്റ് പ്രൊഫസര്‍/ അസിസ്റ്റന്‍റ് പ്രൊഫസര്‍, ടെക്നിക്കല്‍ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെ 15 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കെഎസ്ഐഡിസി ജീവനക്കാര്‍ക്ക് 10-ാം ശമ്പള പരിഷ്ക്കരണ ശുപാര്‍ശകള്‍ 2014 ജൂലൈ 1 മുതല്‍ പ്രാബല്യത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചു. കേരഫെഡിന്‍റെ സ്റ്റാഫ് പാറ്റേണ്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു. അംഗീകൃത തസ്തികകള്‍ മാത്രമേ സ്റ്റാഫ് പാറ്റേണില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ എന്ന നിബന്ധനയോടെയാണ് അംഗീകാരം നല്‍കിയത്.
പാലക്കാട് ശൈവ വെള്ളാള ഒബിസിയില്‍
പാലക്കാട് ജില്ലയിലെ ശൈവ വെള്ളാള (ചേരകുല വെള്ളാള, കാര്‍കാര്‍ത്ത വെള്ളാള, ചോഴിയ വെള്ളാള, പിള്ളൈ) സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. അതോടൊപ്പം മറ്റു ജില്ലകളില്‍ ശൈവ വെള്ളാള സമുദായം ഉണ്ടോ എന്ന് പരിശോധിക്കാനും നിശ്ചയിച്ചു.
ഒല്ലൂര്‍ ആയുര്‍വേദ കോളേജില്‍ പിജി ഡിപ്ലോമ കോഴ്സ്
ഒല്ലൂര്‍ വൈദ്യരത്നം ആയുര്‍വേദ കോളേജില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ രസായന്‍ ആന്‍റ് വാജികരണ്‍ കോഴ്സ് ആരംഭിക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.
നിയമനം
എന്‍എസ്കെ ഉമേഷിനെ വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ശബരിമല എഡിഎം ആണ്. കെഎസ്ഐഡിസി നിക്ഷേപ സെല്ലിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതലയും ഉമേഷിനായിരിക്കും.