ചുമട്ടുതൊഴിലാളി (ഭേദഗതി) ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ തീരുമാനം
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ പത്തു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ 52 താല്‍ക്കാലിക ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്തും.
തിരുവനന്തപുരം: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിലെ വിരമിച്ചവരും തുടര്‍ന്ന് വിരമിക്കുന്നവരുമായ സ്ഥിരം ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടു കൂടി റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് 1978 ലെ കേരള ചുമട്ടുതൊഴിലാളി നിയമത്തിലെ 43-ാം വകുപ്പ് ഭേദഗതി ചെയ്യുവാന്‍ 2020-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ചുമട്ടുതൊഴിലാളികള്‍ക്ക് എടുക്കാവുന്ന ചുമടിന്‍റെ പരമാവധി ഭാരം 75 കിലോഗ്രാമില്‍ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നതിനും സ്ത്രീകള്‍, കൗമാരക്കാര്‍ എന്നിവര്‍ എടുക്കുന്ന ചുമടിന്‍റെ പരമാവധി ഭാരം 35 കിലോഗ്രാമായി നിജപ്പെടുത്തുന്നതിനും 1978-ലെ കേരള ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. 127-ാം അന്താരാഷ്ട്രതൊഴില്‍ സമ്മേളനം അംഗീകരിച്ച ശുപാര്‍ശ കണക്കിലെടുത്താണ് ഈ തീരുമാനം.
52 സൂപ്പര്‍ന്യൂമററി തസ്തിക
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ പത്തു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ 52 താല്‍ക്കാലിക ഡ്രൈവര്‍മാരെ അവര്‍ സേവനമനുഷ്ഠിക്കുന്ന ഗ്രാപഞ്ചായത്തുകളില്‍ / നഗരസഭകളില്‍ എല്‍.ഡി.വി ഡ്രൈവര്‍ ഗ്രേഡ് 2 തസ്തിക സൂപ്പര്‍ന്യൂമററിയായി സൃഷ്ടിച്ച് സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.
സ്റ്റാഫ് പാറ്റേണും സര്‍വീസ് റൂള്‍സും
തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡിലെ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണും സര്‍വീസ് റൂള്‍സും മന്ത്രിസഭ അംഗീകരിച്ചു.
അഗ്നിരക്ഷാ വാഹനങ്ങളുടെ കേടുപാടുകള്‍ക്ക് സഹായം
കൊവിഡ്-19 പ്രതിരോധത്തിന്‍റെ ഭാഗമായി അണുനശീകരണ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച് കേടായ അഗ്നിരക്ഷാ വാഹനങ്ങളുടെ കേടുപാടുകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കുവാന്‍ രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.