കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്റെ വിവാദ മാഗസിന്‍ പിന്‍വലിച്ചു
മാഗസിനെതിരേ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാഗസിന്റെ കോപ്പികള്‍ വിതരണം ചെയ്യരുതെന്ന് നിര്‍ദേശിച്ചതായും അന്വേഷണത്തിന് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചതായും റജിസ്ട്രാര്‍ ഡോ സി എല്‍ ജോഷി അറിയിച്ചു.
തേഞ്ഞിപ്പലം: മതനിന്ദയും അശ്ലീലവും കലര്‍ന്ന കവിതയും ലേഖനങ്ങളും ഉള്‍പ്പെടുത്തിയ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ മാഗസിന്‍ പിന്‍വലിച്ചു. മാഗസിനെതിരേ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാഗസിന്റെ കോപ്പികള്‍ വിതരണം ചെയ്യരുതെന്ന് നിര്‍ദേശിച്ചതായും അന്വേഷണത്തിന് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചതായും റജിസ്ട്രാര്‍ ഡോ സി എല്‍ ജോഷി അറിയിച്ചു.
എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയനാണ് മാഗസിന്‍ പുറത്തിറക്കിയത്. എ.എം ശ്യാം മോഹനാണ് മാഗസിന്‍ എഡിറ്റര്‍. 'പോസ്റ്റ് ട്രൂത്ത്' എന്ന പേരില്‍ ഇറക്കിയ മാഗസിനില്‍ ഇസ്‌ലാമിക ആചാരങ്ങളെ പരസ്യമായി അവഹേളിക്കുന്നുണ്ട്. 'മൂടുപടം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച കവിത മുസ്‌ലിം സ്ത്രീകളുടെ മതപരമായ വേഷവിധാനത്തെയും വിശ്വാസത്തെയും പരിഹസിക്കുന്നതാണ്. നിഖാബ് ധരിച്ച സ്ത്രീയുടെ ചിത്രം സഹിതമുള്ള കവിതയില്‍ സ്ത്രീകളെ മോശമായ ഭാഷയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. എം എ ഫോക്‌ലോര്‍ വിദ്യാര്‍ഥി ആദര്‍ശാണ് ഇതെഴുതിയിരിക്കുന്നത്.
ആലയങ്ങള്‍ എന്ന കവിതയില്‍ ആരാധനാലയങ്ങളെയാണ് നിന്ദിക്കുന്നത്. ആരാധനാലയങ്ങളെ തൊഴുത്തിനോടും കക്കൂസിനോടും ഉപമിക്കുന്ന വരികള്‍ മുഴുവന്‍ മതവിശ്വാസത്തേയും വെല്ലു വിളിക്കുന്നതാണ്. മതവിശ്വാസത്തെയും സ്ത്രീത്വത്തെയും അപാനിക്കുന്ന മാഗസിനെതിരേ കാംപസ് ഫ്രണ്ട് പ്രതിഷേധവുമായി രംഗത്തെത്തുകയും മാഗസിന്റെ കോപ്പികള്‍ കത്തിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും ശബരിമലയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അവഹേളിച്ചുവെന്നാരോപിച്ച് എബിവിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാലയില്‍ നടത്തിയ മാര്‍ച്ച് നടത്തിയിരുന്നു.