സര്‍വ്വേക്കല്ലുകള്‍ പിഴുതെറിഞ്ഞതിന് അനൂപ് ജേക്കബിനെതിരേ ജാമ്യമില്ലാ കേസ്

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ള യുഡിഫ് നേതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

Update: 2022-03-22 14:51 GMT

കൊച്ചി: ചോറ്റാനിക്കരയില്‍ കെ റെയില്‍ വിരുദ്ധ സമരത്തില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ സംഭവത്തില്‍ അനൂപ് ജേക്കബ് എംഎല്‍എ അടക്കം 13 പേര്‍ക്കെതിരേ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കെ റെയിലുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ തടയുകയും സര്‍വേ കല്ലുകള്‍ പിഴുതെറിയുകയും ചെയ്തതിനാണ് മുന്‍ മന്ത്രി അനൂപ് ജേക്കബിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ള യുഡിഫ് നേതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഇതോടൊപ്പം കണ്ടാലറിയുന്ന 25 പേര്‍ക്കെതിരേയും ജാമ്യമില്ലാ കുറ്റം ചുമത്തി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചോറ്റാനിക്കര പോലിസാണ് കേസ് രജസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്നലെ ചോറ്റാനിക്കരയില്‍ കെ റെയില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നതില്‍ യുഡിഎഫിന്റെയും കെ റെയില്‍ വിരുദ്ധ സമര സമിതിയുടെയും നാട്ടുകാരുടെയും കനത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. കല്ലിടല്‍ കരഭൂമിയിലേക്ക് കടന്നതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. സ്ത്രീകള്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ഇതിനേതുടര്‍ന്ന് തിങ്കളാഴ്ച സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. 

Similar News