പ്രകടനം നടത്തിയ എസ്ഡിപിഐക്കെതിരേ കേസ്‌, റോഡ്‌ ഉപരോധിച്ച ഡിവൈഎഫ്‌ഐക്ക്‌ കേസില്ല; പോലിസ്‌ നടപടി വിവാദത്തിൽ

കൊവിഡ്‌ പ്രോട്ടോകോൾ ലംഘിച്ച്‌ മാർഗ്ഗ തടസ്സമുണ്ടാക്കി എന്ന കുറ്റം ചുമത്തിയാണ് മണ്ഡലം പ്രസിഡന്റ് അബ്ദുൽ സമദ്‌ ഉൾപ്പെടെയുള്ള പതിനഞ്ചോളം പ്രവർത്തകർക്കെതിരേ കേസെടുത്തത്‌.

Update: 2021-09-17 14:31 GMT

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട് നഗരത്തിൽ ഒരേ ദിവസം പ്രകടനം നടത്തി രണ്ട്‌ രാഷ്ട്രീയ പാർട്ടികൾ. അതിൽ ഭരണപക്ഷ പാർട്ടിയെ ഒഴിവാക്കി ഒരു പാർട്ടിക്കാർക്കെതിരേ മാത്രം പോലിസ്‌ കേസ്‌. കാഞ്ഞങ്ങാട്‌ പോലിസിന്റെ ഈ നടപടിയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്‌.

കുമ്പളയിൽ കഞ്ചാവ്‌ മാഫിയ സംഘം എസ്ഡിപിഐ നേതാവിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് കേസ്‌ രജിസ്റ്റർ ചെയ്തിരിക്കുന്നത്‌.

കൊവിഡ്‌ പ്രോട്ടോകോൾ ലംഘിച്ച്‌ മാർഗ്ഗ തടസ്സമുണ്ടാക്കി എന്ന കുറ്റം ചുമത്തിയാണ് മണ്ഡലം പ്രസിഡന്റ് അബ്ദുൽ സമദ്‌ ഉൾപ്പെടെയുള്ള പതിനഞ്ചോളം പ്രവർത്തകർക്കെതിരേ കേസെടുത്തത്‌.

അതേസമയം, സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തിൽ റോഡ്‌ ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധ സമരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ നടത്തിയിട്ടും അതിനെതിരെയൊന്നും കേസെടുക്കാൻ പോലിസ്‌ തയ്യാറായിട്ടില്ലെന്നതാണ് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

തിങ്കളാഴ്ച്ച ത്രിപുര ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ സിപിഎം പ്രകടനവും, ശനിയാഴ്ച്ച ഡിവൈഎഫ്‌ഐയുടെ കെഎസ്‌ടിപി റോഡ്‌ ഉപരോധവും അരങ്ങേറിയിരുന്നു. ഇതിൽ പോലിസ്‌ യാതൊരു നടപടിയുമെടുത്തില്ല. കാഞ്ഞങ്ങാട്‌ പോലിസിന്റെ ഈ പക്ഷപാതപരമായ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതിഷേധം ഉയരുന്നുണ്ട്‌.

Similar News