കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ പരാതിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ ഷോണ്‍ ജോര്‍ജ്, മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ തുടങ്ങിയവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. തനിക്ക് കനേഡിയന്‍ കമ്പനിയുണ്ടെന്ന് സൈബര്‍ സ്പേസുകള്‍ പ്രചാരണം നടത്തിയെന്ന് കാണിച്ചാണ് വീണ ഇരുവര്‍ക്കും മറ്റു ചില മാധ്യമങ്ങള്‍ക്കുമെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
പിതാവും ഭര്‍ത്താവും സി.പി.ഐ.എം നേതാക്കളായതിനാല്‍ തന്നെ പിന്തുടര്‍ന്ന് ആക്രമിക്കുകയാണെന്നും വീണ നല്‍കിയ പരാതിയില്‍ പറയുന്നു. വീണക്ക് കനേഡിയന്‍ കമ്പനിയുണ്ടെന്ന് ഷോണ്‍ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് അടിസ്ഥാനപ്പെടുത്തി ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നു. ദി സ്‌കൈ ഇലവന്‍ എന്ന കമ്പനി വീണ വിജയന്റേതാണ് എന്നായിരുന്നു ഷോണ്‍ ജോര്‍ജിന്റെ ആരോപണം. അതേസമയം വീണ വിജയന്റെ പരാതിയില്‍ തനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഷാജന്‍ സ്‌കറിയ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എക്സാലോജിക് സി.എം.ആര്‍.എല്‍ ഇടപാടുകളില്‍ കേന്ദ്ര ഏജന്‍സിയായ എസ്.എഫ്.ഐ.ഒയുടെ അന്വേഷണം റദ്ദാക്കണമെന്ന എക്സാലോജിക്കിന്റെ ഹരജി കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. എസ്.എഫ്.ഐ.ഒ അന്വേഷണത്തില്‍ സ്റ്റേ ഇല്ലെന്നും അന്വേഷണം തുടരാമെന്നുമാണ് കോടതി ഉത്തരവ്.
കോര്‍പ്പറേറ്റ് മേഖലയിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയാണ് എസ്.എഫ്.ഐ.ഒ അഥവാ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്. നേരത്തെ ബെംഗളൂരു ആര്‍.ഒ.സിയും എറണാകുളം ആര്‍.ഒ.സിയും നടത്തിയ അന്വേഷണത്തില്‍ സി.എം.ആര്‍.എല്ലുമായുള്ള എക്സാലോജിക്കിന്റെ ഇടപാടില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ആര്‍.ഒ.സിയില്‍ നിന്ന് എസ്.എഫ്.ഐ.ഒയിലേക്ക് അന്വേഷണം കൈമാറിയത്.
വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സി.എം.ആര്‍.എല്ലും തമ്മില്‍ നടത്തിയ ഇടപാടുകളാണ് എസ്.എഫ്.ഐ.ഒ. സംഘം പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച വിവിധ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. പരാതിയില്‍ അന്വേഷണം നടത്താന്‍ എട്ടുമാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.