പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടിയുടെ തട്ടിപ്പ്: പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ കസ്റ്റംസിന്റെയും വനംവകുപ്പിന്റെയും പരിശോധന

മ്യൂസിയത്തില്‍ ആനക്കൊമ്പുകള്‍ അടക്കമുള്ളവ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പരിശോധന നടത്തുന്നത്.വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തതടക്കം നിരവധി ആഡംബര വാഹനങ്ങള്‍ മോന്‍സണ്‍ മാവുങ്കലിന് ഉണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ പരിശോധന

Update: 2021-09-28 10:09 GMT

കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ കസ്റ്റംസിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധന. വനം വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ആദ്യം പരിശോധന ആരംഭിച്ചത്.മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ മ്യൂസിയത്തിലാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്.

മ്യൂസിയത്തില്‍ ആനക്കൊമ്പുകള്‍ അടക്കമുള്ളവ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പരിശോധന നടത്തുന്നത്.ഇത് യഥാര്‍ഥമാണോ അതോ വ്യാജമാണോയെന്ന് സ്ഥിരീകരിക്കുന്നതിനാണ് വനം വകുപ്പ് പരിശോധന നടത്തുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കസ്റ്റംസും പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തതടക്കം നിരവധി ആഡംബര വാഹനങ്ങള്‍ മോന്‍സണ്‍ മാവുങ്കലിന് ഉണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ പരിശോധന.വാഹന ഇറക്കുമതിയില്‍ അടക്കം നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ,ഇവ നിയമനാസൃതമായി ഇറക്കുമതി ചെയ്തതാണോ, ആരുടെ ഉടമസ്ഥതയിലുളള വാഹനങ്ങളാണിത് എന്നിവ അടക്കമുള്ള കാര്യങ്ങളിലാണ് കസ്റ്റംസ് വ്യക്തത തേടുന്നതെന്നാണ് വിവരം.

Tags:    

Similar News