പഞ്ചസാര വ്യാപാരത്തിനു കരാര്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞു ഒരു കോടി തട്ടി; ഗുജറാത്ത് സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍

ഗുജറാത്ത് സൂറത്ത് ചന്ദ്രപ്പുര സ്വദേശിയായ മൃണാള്‍ ദിവേദ്യ(35) ഭാര്യ കാജല്‍ മൃണാള്‍ ദിവേദ്യ(26)എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്

Update: 2021-09-29 15:03 GMT

കൊച്ചി: ബ്രസീലില്‍ നിന്നും ഘാനയിലേക്ക് പഞ്ചസാര വ്യാപാരം നടത്തുന്നതിനുള്ള കരാര്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഒരു കോടി രൂപ തട്ടിയെടുത്ത ഗുജറാത്ത് സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍.ഗുജറാത്ത് സൂറത്ത് ചന്ദ്രപ്പുര സ്വദേശിയായ മൃണാള്‍ ദിവേദ്യ(35) ഭാര്യ കാജല്‍ മൃണാള്‍ ദിവേദ്യ(26)എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്.

എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബിസിനസ്സ് നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശിക്ക് ബ്രസീലില്‍ നിന്നും ഘാനയിലേക്ക് ഐക്യുമസ് 45 പഞ്ചസാര വ്യാപാരം നടത്തുന്നതിനുള്ള കരാര്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഗുജറാത്ത് സൂറത്തിലുള്ള കാജല്‍ അഗ്രോ ഫുഡ്‌സ് എന്ന സ്ഥാപനം വഴി പ്രതികള്‍ തൃപ്പൂണിത്തുറ സ്വദേശിയെ ബന്ധപ്പെട്ടു. തുടര്‍ന്ന് ഇതിന്റെ ബില്‍ ഓഫ് ലാഡിങ്ങ് രേഖകള്‍ അയച്ചു കൊടുക്കുകയും, അഡ്വാന്‍സായി ഒരു കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം ഇദ്ദേഹം ഒരു കോടി രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.

പണം ലഭിച്ച ശേഷം പഞ്ചസാര കപ്പല്‍ മാര്‍ഗ്ഗം അയച്ചുവെന്നും, പരാതിക്കാരനുള്ള പണം ട്രാന്‍സ്ഫര്‍ ആയതിന്റെ രേഖകള്‍ അയക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ സംശയം തോന്നിയ പരാതിക്കാരന്‍ നടത്തിയ അന്വേഷണത്തില്‍ ബില്‍ ഓഫ് ലാഡിങ്ങ്, ഷിപ്പിങ്ങ് രേഖകള്‍, പണം ട്രാന്‍സ്ഫറായതിന്റെ രേഖകള്‍ എല്ലാം തന്നെ വ്യാജമാണെന്ന് മനസ്സിലായി.തുടര്‍ന്ന് ഇദ്ദേഹം പോലീസില്‍ പരാതിപ്പെടുകയും ആഗസ്ത് ഒമ്പതിന് മരട് പോലിസ് കേസ്് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച പോലിസിന് പ്രതികള്‍ ഗുജറാത്തിലെ സൂററ്റിലാണ് ഉള്ളത് എന്ന് വ്യക്തമായി.തുടര്‍ന്ന് പ്രതികളെ സൂററ്റില്‍ നിന്നും പിടികൂടി ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News