സിവില്‍ സര്‍വീസ് പരീക്ഷ നാളെ; കേരളത്തില്‍ നിന്നും 30000ത്തിലധികം പേര്‍
കേരളത്തിലെ പരീക്ഷാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സെന്ററുകളാണ് യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അനുവദിച്ചിട്ടുള്ളത്. കേരളത്തില്‍ ഈ മൂന്നു ജില്ലകളിലായി 89 കേന്ദ്രങ്ങളില്‍ 36,552 കുട്ടികള്‍ പരീക്ഷ എഴുതും.
തിരുവനന്തപുരം: യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യഘട്ടം നാളെ നടക്കും. രാവിലെ 9.30 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെയുളള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ. കേരളത്തിലെ പരീക്ഷാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സെന്ററുകളാണ് യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അനുവദിച്ചിട്ടുള്ളത്. കേരളത്തില്‍ ഈ മൂന്നു ജില്ലകളിലായി 89 കേന്ദ്രങ്ങളില്‍ 36,552 കുട്ടികള്‍ പരീക്ഷ എഴുതും.
സുഗമവും സുതാര്യവും കൃത്യവും സമാധാപരവുമായ പരീക്ഷാ നടത്തിപ്പിനായി യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനും കേരള സര്‍ക്കാരും വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. പരീക്ഷ എഴുതുവാന്‍ എത്തുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
പരീക്ഷാ സമയത്തിന് 10 മിനിറ്റ് മുമ്പ് ഹാളില്‍ പ്രവേശിച്ചാലേ പരീക്ഷ എഴുതാന്‍ അനുവദിക്കുകയുള്ളൂ. ഉച്ചയ്ക്കുമുമ്പുള്ള സെഷന്‍ എഴുതാന്‍ 9.20 മണിക്കും ഉച്ചയ്ക്ക് ശേഷമുളള പരീക്ഷയ്ക്കായി 2.20നു മുമ്പും നിശ്ചിത പരീക്ഷാ ഹാളില്‍ എത്തണം. പരീക്ഷാകേന്ദ്രത്തിന്റെ ലൊക്കേഷന്‍ നേരത്തെ അറിഞ്ഞുവെക്കണം. ഹാള്‍ടിക്കറ്റില്‍ യു.പി.എസ്.സി അനുവദിച്ചിരിക്കുന്ന കേന്ദ്രത്തില്‍ മാത്രമെ പരീക്ഷ എഴുതാന്‍ അനുവദിക്കുകയുള്ളു. ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റിനൊപ്പം അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കിയ ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡും കൂടി കരുതണം. ആവശ്യപ്പെടുമ്പോള്‍ ഇന്‍വിജിലേറ്ററെ ഇത് കാണിക്കണം. കറുത്ത ബാള്‍പോയിന്റ് പേന കൊണ്ടു മാത്രമേ ഉത്തരസൂചിക പൂരിപ്പിക്കാന്‍ കഴിയൂ.
ബാഗുകള്‍, മൊബൈല്‍ഫോണുകള്‍, കാമറകള്‍, ഇലക്ട്രോണിക് വാച്ചുകള്‍ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക്, ഐടി ഉപകരണങ്ങള്‍ പരീക്ഷാഹാളില്‍ അനുവദനീയമല്ല. പരീക്ഷാസമയം തീരുന്നതുവരെ ഒരു പരീക്ഷാര്‍ഥിയേയും പുറത്തുപോവാന്‍ അനുവദിക്കില്ല.