ആഭ്യന്തരം കടിഞ്ഞാണില്ലാത്ത കുതിര: പിണറായി സ്ഥാനം രാജിവയ്ക്കണം- എസ് ഡിപിഐ

അദൃശ്യശക്തികളുടെ നിയന്ത്രണത്തിലാണ് ആഭ്യന്തരവകുപ്പ്. സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കുന്ന നടപടികളാണ് നാളിതുവരെ ആഭ്യന്തര വകുപ്പില്‍നിന്ന് ഉണ്ടായിട്ടുള്ളത്.

Update: 2020-11-30 13:31 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നിയന്ത്രണമില്ലാത്ത ആഭ്യന്തരവകുപ്പ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പായുകയാണെന്നും അതിനാല്‍ വെറും നോക്കുകുത്തിയായി തുടരുന്നതിനേക്കാള്‍ ഭേദം സ്ഥാനം രാജിവയ്ക്കുന്നതാണെന്നും എസ് ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. അദൃശ്യശക്തികളുടെ നിയന്ത്രണത്തിലാണ് ആഭ്യന്തരവകുപ്പ്. സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കുന്ന നടപടികളാണ് നാളിതുവരെ ആഭ്യന്തര വകുപ്പില്‍നിന്ന് ഉണ്ടായിട്ടുള്ളത്.

വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍, യുഎപിഎ ഉള്‍പ്പെടെയുള്ള ഭീകരനിയമങ്ങള്‍ ചുമത്തല്‍ തുടങ്ങിയവയിലൂടെ കടുത്ത വിമര്‍ശനങ്ങളാണ് ഇടതുസര്‍ക്കാര്‍ ഏറ്റുവാങ്ങിയത്. ഇതിനിടെയാണ് വിജിലന്‍സ് റെയ്ഡുകള്‍. സ്വകാര്യ ധനകാര്യസ്ഥാപന ഉപദേഷ്ടാവായിരുന്ന ഉദ്യോഗസ്ഥനെ സര്‍ക്കാരിന്റെ ആഭ്യന്തര ഉപദേഷ്ടാവാക്കിയത് ഗുരുതരമായ വീഴ്ചയാണ്. പോലിസ് ആക്ട് ഭേദഗതി പൗരന്റെ മൗലീകാവകാശങ്ങളെ ചവിട്ടിമെതിച്ച് നടപ്പാക്കാന്‍ ശ്രമിച്ചതിലും ഉപദേഷ്ടാവിന് നേരെയാണ് ചൂണ്ടുവിരല്‍ ഉയരുന്നത്.

അതേസമയം, ഈ ഉദ്യോഗസ്ഥനെ വീണ്ടും സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന നീക്കം സംശയാസ്പദമാണ്. സ്വര്‍ണ കള്ളക്കടത്ത് കേസ് ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതിക്കൂട്ടിലായതോടെ പിണറായി വിജയന്‍ കീഴടങ്ങുന്നതിന്റെ സൂചനയാണിത്. മുഖ്യമന്ത്രി ആരെയൊക്കെയോ ഭയപ്പെടുകയാണ്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജയിലിലാണ്.

അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പോവുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ ചങ്കിടിപ്പ് വര്‍ധിച്ചിരിക്കുകയാണ്. 'മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയപ്പെടാനുള്ളൂ' എന്ന പിണറായി വിജയന്റെ വാക്കുകള്‍ ഇപ്പോള്‍ തിരിഞ്ഞുകുത്തുകയാണ്. പിണറായിയുടെ വാക്കുകളില്‍ അല്‍പ്പമെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ സ്ഥാനം രാജിവച്ചൊഴിയുകയാണ് വേണ്ടതെന്നും അബ്ദുല്‍ ഹമീദ് വ്യക്തമാക്കി.

Tags:    

Similar News