കാലാവസ്ഥാവ്യതിയാനം: മല്‍സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സ് വേണമെന്ന്
കേരളത്തിലുള്‍പ്പെടെ സമുദ്ര മല്‍സ്യബന്ധന മേഖലയില്‍ ഇന്‍ഷുറന്‍സ് കാര്യക്ഷമമല്ലെന്നും കാലാവസ്ഥ കാരണമായി വരുന്ന നഷ്ടങ്ങള്‍ നികത്താന്‍ പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച സിംപോസിയത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
കൊച്ചി: സമുദ്രജലനിരപ്പ് ഉയരുന്നതും കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്നുള്ള മറ്റ് പ്രകൃതിദുരന്തങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കാലാവസ്ഥാധിഷ്ടിത ഇന്‍ഷുറന്‍സ് നടപ്പിലാക്കണമെന്ന് ആവശ്യം.കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം(സിഎംഎഫ്ആര്‍ഐ), ബേ ഓഫ് ബംഗാള്‍ പ്രോഗ്രാം ഇന്റര്‍ ഗവമെന്റല്‍ ഓര്‍ഗനൈസേഷന്‍, തമിഴ്‌നാട് ഫിഷറീസ് സര്‍വകലാശാല എന്നിവ സംയുക്തമായി ലോകബാങ്കിന്റെ സഹകരണത്തോടെ നടത്തിയ രാജ്യാന്തര സിംപോസിയത്തിലാണ് ഈ ആവശ്യമുയര്‍ന്നത്.
കേരളത്തിലുള്‍പ്പെടെ സമുദ്ര മല്‍സ്യബന്ധന മേഖലയില്‍ ഇന്‍ഷുറന്‍സ് കാര്യക്ഷമമല്ലെന്നും കാലാവസ്ഥ കാരണമായി വരുന്ന നഷ്ടങ്ങള്‍ നികത്താന്‍ പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച സിംപോസിയത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.ചുഴലിക്കാറ്റ്, കടല്‍ക്ഷോഭം പോലുള്ള പ്രകൃതിദുരന്തങ്ങളാല്‍ നഷ്ടമനുഭവിക്കുന്നവരെ പ്രത്യേകം സംരക്ഷിക്കാന്‍ സൂചിക ഇന്‍ഷുറന്‍സ് പരിരക്ഷയാണ് വേണ്ടത്. കാലാവസ്ഥാ മോഡലിംഗ് വഴി ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍ മനസ്സിലാക്കി ആ പരിധിയില്‍ വരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം ഉറപ്പാക്കുന്നതാണ് സൂചിക ഇന്‍ഷുറന്‍സ്. നഷ്ടത്തിന്റെ തോത് പ്രത്യേകമായി പഠിക്കേണ്ട കാലതാമസവും ഇതുവഴി ഒഴിവാക്കാനാകുമെന്നതിനാല്‍ ഈ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മല്‍സ്യമേഖലയില്‍ നടപ്പിലാക്കേണ്ടതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ആദ്യഘട്ടത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നതിന് സബ്‌സിഡി ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. ഇന്‍ഷുറന്‍സ് സംവിധാനം നടപ്പിലാക്കുന്നതിന് സാങ്കേതികവിദ്യകളും മുന്നറിയിപ്പ് സംവിധാനങ്ങളും വികസിപ്പിക്കുകയും നിയമസഹായം ഉറപ്പാക്കേണ്ടതുമുണ്ട്. ലോകാടിസ്ഥാനത്തില്‍, 45 ലക്ഷത്തോളം വരുന്ന മത്സ്യബന്ധന യാനങ്ങളില്‍ നാലര ലക്ഷം യാനങ്ങള്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതെന്നും വിദ്ഗധര്‍ പറഞ്ഞു.മല്‍സ്യമേഖലയിലെ ഗവേഷകര്‍ക്ക് പുറമെ, ലോകബാങ്ക്, ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ.), ഏഷ്യ പസിഫിക് റൂറല്‍ ആന്റ് അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് അസോസിയേഷന്‍, നളന്ദ സര്‍വകലാശാല, ഐസിഐസി.ഐലോംബാര്‍ഡ് എന്നിവയെ പ്രതിനിധീകരിച്ച് വിദഗ്ധര്‍ സംസാരിച്ചു.
നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ് ചീഫ് എക്‌സിക്ക്യുട്ടീവ് ഡോ സി സുവര്‍ണ സിംപോസിയം ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട് ഫിഷറീസ് കമ്മീഷണര്‍ ഡോ കെ എസ് പളനിസ്വാമി, ഐസിഎആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ ജെ കെ ജെന, സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ സംസാരിച്ചു. ചെന്നൈയില്‍ നടന്ന 12ാമത് ഇന്ത്യന്‍ ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ ഫോറത്തിന്റെ ഭാഗമായാണ് സിംപോസിയം സംഘടിപ്പിച്ചത്.