സഹകരണ നിക്ഷേപ യജ്ഞം: ലക്ഷ്യം വച്ചത് 6000 കോടി, ലഭിച്ചത് 7253 കോടി

സഹകരണ സ്ഥാപനങ്ങൾക്കെതിരേ ചില കേന്ദ്രങ്ങളിൽ നിന്ന് ശക്തമായ കുപ്രചരണങ്ങൾ നടക്കുമ്പോഴും നിക്ഷേപത്തിൽ വലിയ നേട്ടമുണ്ടായത് പൊതു സമൂഹത്തിന് സഹകരണ മേഖലയോടുള്ള വിശ്വാസ്യതയ്ക്ക് തെളിവാണെന്ന് മന്ത്രി പറഞ്ഞു.

Update: 2022-04-02 18:50 GMT

തിരുവനന്തപുരം: സഹകരണ വകുപ്പ് പ്രഖ്യാപിച്ച നിക്ഷേപ സമാഹരണ യജ്ഞത്തിൽ സമാഹരിച്ചത് 7253.65 കോടി രൂപ. 6000 കോടി രൂപയായിരുന്നു ലക്ഷ്യം വച്ചത്. 1253 കോടി രൂപയുടെ അധിക നിക്ഷേപം സഹകരണ സ്ഥാപനങ്ങൾ നേടി. കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങൾക്കിടയിലായിരുന്നു നിക്ഷേപ സമാഹരണ യജ്ഞം നടത്താൻ തീരുമാനിച്ചത്.

മാർച്ച് 31 ന് വൈകുന്നേരം വരെയുള്ള ഏകദേശ കണക്ക് അനുസരിച്ച് നിക്ഷേപ സമാഹരണ കാലയളവിൽ 3375.54 കോടി രൂപ വിവിധ നിക്ഷേപങ്ങളായി കേരള ബാങ്കിനു ലഭിച്ചു. 1025 കോടി രൂപയായിരുന്നു ലക്ഷ്യം. ലക്ഷ്യത്തേക്കാൾ 329 ശതമാനം അധികമാണിത്. കേരള ബാങ്ക് ഒഴികെയുള്ള സഹകരണ സംഘങ്ങളിൽ ഏറ്റവും കൂടുതൽ നിക്ഷേപങ്ങൾ എത്തിയത് എറണാകുളം ജില്ലയിലാണ്. 506.89 കോടി രൂപയാണ് എറണാകുളം ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലായി ലഭിച്ചത്. ‌

കണ്ണൂർ ജില്ലയിലെ സഹകരണ ബാങ്കുകളിൽ 463 കോടിയുടെ നിക്ഷേപമാണ് ഇക്കാലയളവിൽ ഉണ്ടായത്. നിക്ഷേപ സമാഹരണ യജ്ഞത്തിൽ രണ്ടാം സ്ഥാനത്താണ് കണ്ണൂർ. 300 കോടി രൂപ ലക്ഷ്യം വച്ച കൊല്ലം ജില്ലയിലെ സഹകരണ ബാങ്കുകൾ 343.57 കോടി രൂപയുടെ നിക്ഷേപം നേടി. 350 കോടി രൂപ ലക്ഷ്യം വച്ച പാലക്കാട് 383.41 കോടിയുടെ നിക്ഷേപം നേടി. മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ 433.10 കോടി രൂപയുടെ നിക്ഷേപ വർധനയുണ്ടായി. 75 കോടിയായിരുന്നു ലക്ഷ്യമിട്ടത്.

തിരുവനന്തപുരത്തെ സഹകരണ ബാങ്കുകൾ 136 കോടി രൂപയും പത്തനംതിട്ട 125 കോടിയും ആലപ്പുഴ 201 കോടിയും കോട്ടയം 193 കോടിയും ഇടുക്കി 61.23 കോടിയും തൃശ്ശൂർ 289.13 കോടിയും മലപ്പുറം 396.30 കോടിയും കോഴിക്കോട് 260.38 കോടിയും വയനാട് 43 കോടിയും കാസർകോട് 152 കോടി രൂപയും നിക്ഷേപ സമാഹരണ യജ്ഞക്കാലത്ത് സമാഹരിച്ചു.

നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ആദ്യ കണക്കുകൾ ലഭിക്കുമ്പോൾ സംസ്ഥാനത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിലെ നിക്ഷേപം 1,14,105. 72 കോടിയായി ഉയർന്നു. അർബൻ ബാങ്കുകളുടെ നിക്ഷേപമാകട്ടെ 16,663.31 കോടിയാണ്. സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകളുടെ നിക്ഷേപം 335.04 കോടിയും ഇതര സഹകരണ സംഘങ്ങളുടെ നിക്ഷേപം 13,394.39 കോടിയുമാണ്.

എംപ്ലോയിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ, അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ, മൾട്ടി പർപ്പസ് സൊസൈറ്റികൾ എന്നിവരുടെ നിക്ഷേപം 27,89.14 കോടി രൂപയാണ്. സംസ്ഥാനത്ത് കേരള ബാങ്ക് ഒഴികെയുള്ള സഹകരണ സംഘങ്ങളിലായി ആകെ 2,46,524.99 കോടിയുടെ നിക്ഷേപം 2021-22 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ലഭിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിക്കിടയിലും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഭരണസമിതികളുടെയും സഹകാരികളുടെയും ആത്മാർത്ഥമായ സമീപനവും ഊർജ്ജിതവുമായ പ്രവർത്തനവുമാണ് നിക്ഷേപ സമാഹരണ യജ്ഞത്തിൽ ലക്ഷ്യത്തിൽ കവിഞ്ഞ വലിയ നേട്ടം സൃഷ്ടിക്കാനിടയാക്കിയതെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾക്കെതിരേ ചില കേന്ദ്രങ്ങളിൽ നിന്ന് ശക്തമായ കുപ്രചരണങ്ങൾ നടക്കുമ്പോഴും നിക്ഷേപത്തിൽ വലിയ നേട്ടമുണ്ടായത് പൊതു സമൂഹത്തിന് സഹകരണ മേഖലയോടുള്ള വിശ്വാസ്യതയ്ക്ക് തെളിവാണെന്ന് മന്ത്രി പറഞ്ഞു.

Similar News