മൂലമ്പിള്ളി പുനരധിവാസം നടപ്പാക്കിയിട്ട് മതി കെ-റെയിലിന് കല്ലിടുന്നത്: കോണ്‍ഗ്രസ്

സര്‍വേക്കല്ല് പിഴുതാല്‍ കെ റെയില്‍ ഇല്ലാതാവില്ലെന്ന കൊടിയേരി ബാലകൃഷ്ണന്റെ പ്രതികരണം തമാശയാണ്. സര്‍വേക്കല്ലിട്ടാല്‍ പദ്ധതി നടപ്പാകുമെന്നാണ് കൊടിയേരി ബാലകൃഷ്ണന്റെ ധാരണ. ജനങ്ങള്‍ കൂടി സമ്മതിച്ചാലേ പദ്ധതി നടപ്പാകു

Update: 2022-01-06 12:33 GMT

കൊച്ചി: പതിമ്മൂന്ന് വര്‍ഷം മുന്‍പ് കുടിയിറക്കിയ 316 കുടുംബങ്ങളെ വഴിയാധാരമാക്കിയവര്‍ വീണ്ടും മറ്റൊരു പദ്ധതിയുമായി പാവപ്പെട്ട ജനങ്ങളെ കുടിയിറക്കാന്‍ വന്നാല്‍ അതനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്.കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പിണറായി വിജയനും സി പി എമ്മിനും ലാവ്‌ലിന്‍ മോഡല്‍ കമ്മീഷനടിക്കാന്‍ സാധാരണക്കാരുടെ വീടും സ്ഥലവും ബലം പ്രയോഗിച്ച് ഏറ്റെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

സര്‍വേക്കല്ല് പിഴുതാല്‍ കെ റെയില്‍ ഇല്ലാതാവില്ലെന്ന കൊടിയേരി ബാലകൃഷ്ണന്റെ പ്രതികരണം തമാശയാണ്. സര്‍വേക്കല്ലിട്ടാല്‍ പദ്ധതി നടപ്പാകുമെന്നാണ് കൊടിയേരി ബാലകൃഷ്ണന്റെ ധാരണ. ജനങ്ങള്‍ കൂടി സമ്മതിച്ചാലേ പദ്ധതി നടപ്പാകൂ. നടക്കാത്ത പദ്ധതികളുടെ പേരില്‍ കമ്മീഷന്‍ അടിക്കലാണ് മുഖ്യമന്ത്രിയുടെ ഉദ്ദേശ്യം. കുറച്ച് നാള്‍ ലീവിലായത് കൊണ്ടാണ് കൊടിയേരി ബാലകൃഷ്ണന്‍ കാര്യങ്ങള്‍ അറിയാത്തത്. കെ ഫോണിനും ലാപ് ടോപ്പിനും എന്ത് പറ്റിയെന്ന് കൂടി കൊടിയേരി ബാലകൃഷ്ണന്‍ അന്വേഷിക്കണം. മുഖ്യമന്ത്രി ജനങ്ങളെയും കൊടിയേരി ബാലകൃഷ്ണനെയും ഒരേ പോലെ പറ്റിക്കുകയാണ്. മുഖ്യമന്ത്രി ഇങ്ങോട്ട് പറഞ്ഞത് തന്നെയാണ് തങ്ങളും തിരിച്ചും പറയുന്നത്, പിടിവാശി കാട്ടിയാല്‍ വഴങ്ങില്ല. എതിര്‍പ്പുകളെ അവഗണിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയെ ജനം അവഗണിക്കും. മുഖ്യമന്ത്രിയുടെ വിരട്ടല്‍ ഞങ്ങളോടും വേണ്ടെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

വല്ലാര്‍പാടം പദ്ധതിക്ക് വേണ്ടി ഏഴ് വില്ലേജുകളില്‍ നിന്ന് കുടിയിറക്കപ്പെട്ട 316 കുടുംബങ്ങളില്‍ 56 പേര്‍ക്ക് മാത്രമാണ് പുനരധിവാസം സാധ്യമായത്. ആനുകൂല്യം കിട്ടാതെ 32 പേര്‍ മരിച്ചു. പുനരധിവാസത്തിനായി കൈമാറിയ 7 സൈറ്റുകളില്‍ വടുതല സൈറ്റ് മാത്രമാണ് വാസയോഗ്യമായത്. ഇവിടെ തന്നെ ഹൈബി ഈഡന്‍ എം എല്‍ എ യായിരുന്നപ്പോഴുള്ള ഫണ്ട് ഉപയോഗിച്ചാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്. കടമക്കുടി പഞ്ചായത്തില്‍ നല്‍കിയ സൈറ്റില്‍ സി ആര്‍ ഇസഡിന്റെ പേര് പറഞ്ഞ് വീട് പണിയാന്‍ അനുമതി നല്‍കിയിട്ടില്ല. കാക്കനാട് തുതിയൂരില്‍ 116 കുടുംബങ്ങള്‍ക്ക് അഞ്ച് ഏക്കറോളം ഭൂമി കൈമാറിയെങ്കിലും ഇത് വാസയോഗ്യമല്ലെന്ന് മാത്രമല്ല ഇവിടെ ആര്‍ക്കൊക്കെ എവിടെയൊക്കെയാണ് ഭൂമി അനുവദിച്ചിരിക്കുന്നതെന്ന് പോലും അറിയില്ല. കുടിവെള്ളവും വൈദ്യുതിയും ലഭ്യമാക്കിയിട്ടില്ല. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളില്‍ നിന്ന് ഒരാള്‍ക്ക് വീതമെങ്കിലും പദ്ധതിയില്‍ തൊഴില്‍ നല്‍കുമെന്ന് പറഞ്ഞതും നടപ്പാക്കിയിട്ടില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

വാസയോഗ്യമായ ഭൂമി ലഭ്യമാക്കുന്നത് വരെ 5000 രൂപ വീതം മാസ വാടക നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് പോലും ലംഘിച്ച മനസ്സാക്ഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഭൂമിമേയേറ്റെടുത്തതിന് ലഭിച്ച പൊന്നും വിലയില്‍ നിന്ന് 12 ശതമാനം ആദായനികുതി പിടിച്ചത് ഇത് വരെ തിരികെ ലഭിച്ചിട്ടില്ല. മറ്റുള്ളവര്‍ക്ക് ഇപ്പോഴും ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിക്കൊണ്ടിരിക്കുന്നു. 316 കുടുംബങ്ങളെ കുടിയിറക്കിയ ശേഷം നിര്‍മ്മിച്ച വല്ലാര്‍പാടം റയില്‍പാതയാകട്ടെ കാഴ്ചവസ്തു മാത്രമായി. മൂലമ്പിള്ളി പുനരധിവാസം പൂര്‍ണമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭം ആരംഭിക്കും. മുഴുവന്‍ കുടുംബങ്ങള്‍ക്കും വാസയോഗ്യമായ വീട് നല്‍കണം. ഇതിനായി ഏതറ്റം വരെയും പാര്‍ട്ടി പോകും.

കെ റെയിലിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ സ്ഥിതിയും ഇത് തന്നെയായിരിക്കും. ജനങ്ങള്‍ക്ക് വേണ്ടാത്ത കെ റെയില്‍ പദ്ധതി ബഹുജനങ്ങളെ അണിനിരത്തി എതിര്‍ക്കും. പാവപെട്ട ജനങ്ങളുടെ വീടും സ്വത്തും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് എല്ലാ സന്നാഹങ്ങളോടെയും രംഗത്തിറങ്ങും. ഇനിയും ഒരു കുടുംബത്തെയും ജില്ലയില്‍ കുടിയിറക്കാന്‍ അനുവദിക്കില്ല. രണ്ട് പ്രളയങ്ങളുടെ ദുരിതംഏറ്റ് വാങ്ങിയ ജില്ലക്ക് ഇനിയൊരു പ്രകൃതി ദുരന്തം കൂടി താങ്ങാനാവില്ല. കടുത്ത പാരിസ്ഥിതിക ആഘാതമാകും കെ റെയില്‍ നടപ്പാകുന്നതോടെ ഉണ്ടാവുക. ഭൂനിരപ്പിലൂടെ റെയില്‍ പോകുന്ന സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് മതില്‍ പണിയുന്നതോടെ വെള്ളമൊഴുക്ക് തടസ്സപ്പെടും. പ്രളയസാധ്യത വീണ്ടും കൂടും.നാടിനും ജനങ്ങള്‍ക്കും വിനാശകാരിയായ കെ റെയില്‍ പദ്ധതിക്കായി കുടിയൊഴിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ ജനങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

Tags:    

Similar News