ശബരിമല പ്രചാരണവിഷയം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിനെതിരേ കോണ്‍ഗ്രസും ബിജെപിയും

ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോയെന്ന് പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ വ്യക്തമാക്കി. കമ്മീഷന്റെ തീരുമാനം അന്യായവും അപഹാസ്യവുമാണ്.

Update: 2019-03-11 14:45 GMT

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ശബരിമല വിഷയം ഉപയോഗപ്പെടുത്തരുതെന്ന സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശത്തിനെതിരേ കോണ്‍ഗ്രസും ബിജെപിയും രംഗത്ത്. ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോയെന്ന് പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ വ്യക്തമാക്കി. കമ്മീഷന്റെ തീരുമാനം അന്യായവും അപഹാസ്യവുമാണ്.

ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് അധികാരമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും പ്രതികരിച്ചു. ശബരിമലയിലെ സര്‍ക്കാര്‍ നിലപാടുകള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല പോലെ സുപ്രിംകോടതി വിധി ബാധകമായ വിഷയങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഷയമാക്കുന്നത് ചട്ടലംഘനമാണെന്നും നിയന്ത്രണം കൊണ്ടുവരുമെന്നുമായിരുന്നു സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞത്.

ശബരിമലയിലെ യുവതീപ്രവേശനം സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാണ്. അതിനെതിരേ നടക്കുന്ന പ്രചാരണം ഫലത്തില്‍ സുപ്രിംകോടതി വിധിക്കെതിരെയുള്ളതാവുമെന്നും തിരഞ്ഞെടുപ്പ് ഓഫിസര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രചാരണമാക്കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ഈമാസം 14ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അവരുടെ നിലപാടുകള്‍ വിശദീകരിക്കാന്‍ അവസരമുണ്ടാവും. 

Tags:    

Similar News