സ്തുതിപാഠകരെ വെച്ച് കോണ്‍ഗ്രസിന് മുന്നോട്ട് പോവാനാകില്ല; നേതൃത്വത്തിനെതിരേ തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
വ്യക്തിപൂജയും ബിംബ വല്‍ക്കരണവും ഒരിക്കലും വിജയിച്ചിട്ടില്ല. ആദര്‍ശവും ആശയ വ്യക്തതയുമുള്ള നേതാക്കളാണ് പാര്‍ട്ടിക്ക് ആവശ്യമെന്നും അദ്ദേഹം തുറന്നടിച്ചു.
തിരുവനന്തപുരം: അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്തുതിപാഠകരെ വെച്ച് കോണ്‍ഗ്രസിന് ഇനി മുന്നോട്ട് പോകാനാകില്ല. വ്യക്തിപൂജയും ബിംബ വല്‍ക്കരണവും ഒരിക്കലും വിജയിച്ചിട്ടില്ല. ആദര്‍ശവും ആശയ വ്യക്തതയുമുള്ള നേതാക്കളാണ് പാര്‍ട്ടിക്ക് ആവശ്യമെന്നും അദ്ദേഹം തുറന്നടിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി പ്രവര്‍ത്തകരെ നിരാശരാക്കി. പ്രവര്‍ത്തകന്‍മാരുടെ മനോവീര്യം തണുത്തുകൊണ്ടിരിക്കുന്നു. നിര്‍ഭയമായി സംസാരിക്കാന്‍ പാര്‍ട്ടി വേദികളില്‍ അവസരമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ജി 23 നേതാക്കളും രംഗത്തെത്തി. മുകുള്‍ വാസ്‌നിക്കിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്നാണ് ജി23 നേതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ ആവശ്യം പരിഗണിക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.ജി23 നേതാക്കളായ ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നിവരാണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്ന് നേതാക്കളോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
2000ത്തിന് ശേഷം സോണിയാ ഗാന്ധി പാര്‍ട്ടി അധ്യക്ഷയായതിന് സമാനമായി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആള്‍ വരട്ടെയെന്നാണ് ജ23 നേതാക്കള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്തുണ്ടെങ്കിലും കെസി വേണുഗോപാല്‍, അജയ് മാക്കന്‍, രണ്‍ദീപ് സുര്‍ജെവാല എന്നിവരാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്.