മാണി സാറിനോട് സിപിഎം മാപ്പ് പറയുക; ഓൺലൈൻ കാംപയിനുമായി കോൺഗ്രസ്
മാണിക്കെതിരെയുള്ള സമരം രാഷ്ട്രീയമായിരുന്നുവെന്നും അദ്ദേഹം നിരപരാധിയാണെന്നും നിരപരാധിയാണെന്ന കാര്യം തങ്ങൾക്കു ബോധ്യമുണ്ടായിരുന്നു എന്നാണ് വിജയരാഘവൻ വെളിപ്പെടുത്തിയത്.
തിരുവനന്തപുരം: കെ എം മാണിയോട് സിപിഎം മാപ്പു പറയണമെന്ന ആവശ്യവുമായി കോൺഗ്രസ് സാമൂഹികമാധ്യമ കാംപയിൻ ആരംഭിച്ചു. ബാര്‍ കോഴക്കേസില്‍ കെ എം മാണി തെറ്റുകാരനല്ലെന്നു അറിഞ്ഞുതന്നെയാണ് അക്രമസമരം നടത്തിയെന്ന എൽഡിഎഫ് കൺവീനർ വിജയരാഘവന്റെ കുറ്റസമ്മതത്തിൽ സിപിഎം മാപ്പ് പറയണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. "മാണി സാറിനോട് സിപിഎം മാപ്പ് പറയുക' എന്ന ഓൺലൈൻ കാംപയിനാണ് ആരംഭിച്ചത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ഫേസ്ബുക്ക് പ്രൊഫൈൽ ഫ്രെയിമിൽ ഈ ആവശ്യം ഉന്നയിച്ചു.
കെ എം മാണി നിരപരാധിയാണെന്ന് അറിഞ്ഞുകൊണ്ടാണ് സമരം നടത്തിയതെന്നും നോട്ട് എണ്ണുന്ന മെഷീന് മാണിയുടെ വീട്ടിലുണ്ടെന്ന് ആരോപിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നുവെന്നുമുള്ള വിജയരാഘവന്റെ വെളിപ്പെടുത്തല്‍ മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ സിപിഎം മാപ്പ് പറയണം എന്ന ആവശ്യം ശക്തമായി ഉന്നയിക്കണമെന്ന നിർദേശം അദ്ദേഹം വെള്ളിയാഴ്ച കെപിസിസി യോഗത്തിൽ മുന്നോട്ടുവച്ചിരുന്നു. കോൺഗ്രസ് നേതാക്കളെല്ലാം ഇക്കാര്യം ഉടൻ അംഗീകരിച്ചു.
മാണിക്കെതിരെയുള്ള സമരം രാഷ്ട്രീയമായിരുന്നുവെന്നും അദ്ദേഹം നിരപരാധിയാണെന്നും നിരപരാധിയാണെന്ന കാര്യം തങ്ങൾക്കു ബോധ്യമുണ്ടായിരുന്നു എന്നാണ് വിജയരാഘവൻ വെളിപ്പെടുത്തിയത്. മാണി നിരപരാധിയാണങ്കിൽ കേരളത്തിൽ അങ്ങോളമിങ്ങോളം അക്രമങ്ങളും സമരങ്ങളും അഴിച്ചുവിട്ടത് എന്തിനായിരുന്നു എന്നു കേരളത്തിന്റെ പൊതുമനസ്സാക്ഷിയെ ബോധിപ്പിക്കാനുള്ള ബാധ്യത എൽഡിഎഫിന് ഉണ്ട്. സിപിഎം നിരുപാധികം മാപ്പ് പറയണമെന്നും ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.